പത്രപ്രവര്‍ത്തനം തപസ്യയാക്കിയ ജോസഫ് കട്ടക്കയം
Saturday, March 15, 2025 12:00 AM IST
റെജി ജോസഫ്
കോട്ടയം: ഇന്ത്യാ-പാക് യുദ്ധം, അടിയന്തരാവസ്ഥ പ്രഖ്യാപനം, ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് തോല്‍വി, ഖലിസ്ഥാന്‍ വിഘടനവാദം, ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വം തുടങ്ങി വന്‍ വാര്‍ത്തകള്‍ ദീപികയില്‍ തയാറാക്കി താളുകളില്‍ വിന്യസിപ്പിച്ച പ്രതിഭാശാലിയായിരുന്നു ഇന്നലെ അന്തരിച്ച മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ ജോസഫ് കട്ടക്കയം. ഇംഗ്ലീഷ് ബിരുദാനന്തരബിരുദധാരിയായ അദ്ദേഹത്തിന് പുസ്തകങ്ങള്‍പോലെ പത്രങ്ങളും പാഠപുസ്തകങ്ങളായിരുന്നു, ഒപ്പം വാര്‍ത്താ പത്രപ്രവര്‍ത്തനം തപസ്യയുമായിരുന്നു.
രണ്ടു പതിറ്റാണ്ട് ദീപിക കോട്ടയം ഓഫീസില്‍ അദ്ദേഹം മെയിന്‍ പേജ് ഡെസ്ക് ചീഫും ഏജന്‍സി വാര്‍ത്തകളുടെ മലയാളം തര്ജമക്കാരനുമായിരുന്നു. ലോക സംഭവങ്ങള്‍ വാര്‍ത്തകളാക്കുന്ന അതേ കമ്പത്തിലും കാര്യപ്രാപ്തിയിലും രണ്ടു പതിറ്റാണ്ടോളം പ്രാദേശിക പേജുകളില്‍ നാട്ടുവാര്‍ത്തകളുടെ എഡിറ്റിംഗും നടത്തി.
അധ്യാപകവൃത്തിയില്‍നിന്നു പത്രപ്രവര്‍ത്തകനായ കട്ടക്കയം ദീപിക കോട്ടയം ഓഫീസില്‍ പിന്മുറക്കാരുടെയെല്ലാം സാറായിരുന്നു. ഓരോ ജേര്‍ണലിസം ട്രെയിനിയെയും അറിഞ്ഞും ആദരിച്ചും പ്രോത്സാഹിപ്പിച്ചും അവരെ എഴുത്തും എഡിറ്റിംഗും പഠിപ്പിച്ച അക്ഷരഗുരു. ശാസനയോ ശിക്ഷയോ ഇല്ലാതെയാണ് വാര്‍ത്താ ബോധ്യങ്ങള്‍ ഇദ്ദേഹം പരിശീലിപ്പിച്ചത്.
ടെലിവിഷനും മൊബൈല്‍ഫോണും വാട്സ് ആപ്പുമില്ലാതിരുന്ന കാലത്ത് ഓഫീസിലെ ഇരിപ്പിടമേശയില് കട്ടക്കയം സാറിന്റെ കരുതലായിരുന്നു ട്രാന്‍സിസ്റ്റര്‍ റേഡിയോയും ലാന്‍ഡ് ഫോണും. റേഡിയോയിലെ മലയാളം ഇംഗ്ലീഷ് വാര്‍ത്താ ബുള്ളറ്റിനുകള്‍ അല്പം ഉച്ചത്തില്‍ വയ്ക്കും.
ഉച്ചയ്ക്ക് ചെറിയ ശബ്ദത്തില്‍ സിനിമാപാട്ടുകള്‍ ആസ്വദിക്കും. ഗന്ധര്‍വഗാനങ്ങള്‍ ഇത്രത്തോളം കാണാപാഠമാക്കിയ ആസ്വാദകരുണ്ടാകാനിടയില്ല. ആ ഹിറ്റ് പാട്ടുകളെല്ലാം ഏതു സിനിമയിലേതെന്നും അദ്ദേഹത്തിനു മനഃപാഠം. യേശുദാസ് പാട്ടുകമ്പം ഇരുവരെയും ചങ്ങാത്തത്തിലെത്തിക്കുകയും അത് ദീപിക വാര്‍ഷികപ്പതിപ്പില്‍ അഭിമുഖങ്ങളാകുകയും ചെയ്തു.
യേശുദാസിന്റെ ഗാനമേള എവിടെയുണ്ടെങ്കിലും ആസ്വാദകനായി ആള്‍ക്കൂട്ടത്തില്‍ കട്ടക്കയം സാറുണ്ടാകും. കട്ടക്കയത്തെ കണ്ടാല്‍ യേശുദാസ് അടുത്തുവരികയും ചെയ്യും. ആരാധനയോളം ഉയര്‍ന്ന ആ ആദരവില്‍ കട്ടക്കയം സാര്‍ ഒരു പുസ്തകമെഴുതി; ‘പാട്ടിന്റെ പാലാഴി’.
ആലാപനത്തിലെ ദാസ് കമ്പം പോലെ പാഷനായിരുന്നു വയലാറും ദേവരാജനും. യേശുദാസ്, വയലാര്‍, ദേവരാജന്‍ സഖ്യ ഹിറ്റുകള്‍ കഴിഞ്ഞാല്‍പിന്നെ കമ്പമായിരുന്നു സാഹിത്യവിസ്മയങ്ങളായ വില്യം ഷേക്സ്പിയറും വേഡ്സ് വര്‍ത്തും. ഷേക്സ്പിയര് ക്ലാസിക്കുകളേറെയും മനഃപാഠമായിരുന്നു.
ജൂലിയസ് സീസറിലെയും മാക്ബത്തിലെയും ഹാംലറ്റിലെയും വിഖ്യാത ഡയലോഗുകള്‍ ആമുഖമില്ലാതെ പറയുന്നതും മറ്റൊരു രസം. എഡിറ്റോറിയല്‍ ഡെസ്കിലെ എട്ടു പത്ത് ഇംഗ്ലീഷ്, മലയാളം പത്രങ്ങള്‍ ആഴത്തിലും ആധികാരികതയിലും പതിവായി അദ്ദേഹം വായിച്ചുപോന്നു.
ഓര്മിക്കേണ്ടതൊക്കെ അപ്പപ്പോള്‍ ഡയറിയില്‍ ഷെഡ്യൂള്‍ കുറിക്കുകയും ചെയ്യും. വായിക്കുക, അറിയുക, അറിയിക്കുക എന്നതായിരുന്നു എഡിറ്റോറിയല്‍ ട്രെയിനികളോടും സബ് എഡിറ്റര്‍മാരോടും അദ്ദേഹത്തിന്റെ ഉപദേശം. ഒന്നാം പേജില്‍ തലക്കെട്ട് എഴുതുന്ന അതേ ജാഗ്രത പ്രാദേശിക പേജില്‍ ഇന്നത്തെ പരിപാടി എഴുതുമ്പോഴും കാണിക്കണമെന്നതായിരുന്നു ഉപദേശം.
വാര്‍ത്തയിലെ പുള്ളിയും വള്ളിയും വരെ ജാഗ്രതയോടെ ശ്രദ്ധിക്കണമെന്ന കാര്‍ക്കശ്യം. കോട്ടയത്തിന്റെ സാഹിത്യ സാംസ്കാരികലോകത്ത് വലിയ സൗഹൃദസഖ്യത്തിന്റെ ഉടമയുമായിരുന്നു. ദീപികയില്‍നിന്നു വിരമിച്ചശേഷവും മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ആ സാന്നിധ്യം നിറഞ്ഞുനിന്നു.
ദീപികയ്ക്ക് കരുത്തു പകര്‍ന്ന പത്രപ്രവര്ത്തകന്: ഫാ. അലക്സാണ്ടര്‍ പൈകട
കോട്ടയം: ദീപികയില്‍ മൂന്നര പതിറ്റാണ്ടോളം നീണ്ട പത്രപ്രവര്‍ത്തന ജോലിയില്‍ തികഞ്ഞ ആത്മാര്‍ഥതയും സത്യസന്ധതയും പുലര്‍ത്തിയ വ്യക്തിയാണ് ജോസഫ് കട്ടക്കയമെന്ന് ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട സിഎംഐ അനുസ്മരിച്ചു.
പത്രപ്രവര്ത്തനത്തിലെന്നപോലെ സാഹിത്യത്തിലും സംഗീതത്തിലും പ്രത്യേകമായ അഭിരുചി അദ്ദേഹത്തിനുണ്ടായിരുന്നു.
വാര്ത്താപരിഭാഷകന്, എഡിറ്റര്‍ എന്നീ നിലകളിലാണ് ദീപികയില്‍ ഏറെക്കാലവും കട്ടക്കയം പ്രവര്‍ത്തിച്ചത്. എന്നാല്‍ പില്ക്കാലത്ത് എഴുതിയ പാട്ടിന്റെ പാലാഴി, കാലത്തിന്റെ കൈയൊപ്പ്, കാലം കാത്തുവച്ചത് എന്നീ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ സാഹിത്യ പ്രതിഭയ്ക്ക് തെളിവാണ്.
ഏവരോടും ആദരവും സൗഹൃദവും പുലര്‍ത്തുകയും എപ്പോഴും സന്തോഷവാനായി പ്രവര്‍ത്തിക്കുകയും ചെയ്ത കുലീന വ്യക്തിത്വം. ദീപികയോടും ഏല്‍പ്പിക്കപ്പെട്ട ജോലികളോടും പൂര്‍ണമായ കൂറുപുലര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധവച്ചതായും ഫാ. അലക്സാണ്ടര്‍ പൈകട കൂട്ടിച്ചേര്‍ത്തു.
ആത്മാര്‍ഥതയും സമര്‍പ്പണവും അടയാളപ്പെടുത്തിയ പത്രപ്രവർത്തകൻ: ഫാ. സഖറിയാസ് നടയ്ക്കല്‍
കോട്ടയം: ആത്മാര്‍ഥതയും സമര്‍പ്പണവും ദീപികയില്‍ അടയാളപ്പെടുത്തിയ എഡിറ്ററായിരുന്നു ജോസഫ് കട്ടക്കയമെന്ന് മുന്‍ ചീഫ് എഡിറ്റര്‍ ഫാ. സഖറിയാസ് നടയ്ക്കല്‍ സിഎംഐ അനുസ്മരിച്ചു. എപ്പോഴും സന്തോഷവാനായിരിക്കുക, ഏവരോടും മാന്യമായി പെറുമാറുക, ഏല്പിക്കുന്ന ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നീ സദ്ഗുണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
രാവിലെ ദീപിക ഓഫീസിലെത്തിയാല്‍ രാത്രി വൈകും വരെ ജോലിയില്‍ മുഴുകുന്ന ആത്മാര്‍ഥത അദ്ദേഹത്തില്‍ കണ്ടിട്ടുണ്ട്. പത്രപ്രവര്‍ത്തനം തികഞ്ഞ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കേണ്ട ജോലിയാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നുവെന്നും ഫാ. സഖറിയാസ് നടയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തല അനുശോചിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ദീപിക മുൻ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ജോസഫ് കട്ടക്കയത്തിന്റെ വേർപാടിൽ കോണ്‍ഗ്രസ് പ്രവർത്തക സമതി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു.
മൂന്നു പതിറ്റാണ്ട് കോട്ടയം കേന്ദ്രമാക്കി പ്രവർത്തിച്ച മാധ്യമ പ്രവർത്തകനായ കട്ടക്കയം വളരെ വിപുലമായ സുഹൃത് ബന്ധത്തിന്റെ ഉടമയാണ്. രാഷ്ട്രീയ വിശകലനങ്ങൾക്കു പുറമേ സംഗീതസംബന്ധിയായ വിഷയങ്ങളിൽ അവഗാഹമുണ്ടായിരുന്ന മാധ്യമ പ്രവർത്തകനായിരുന്നു കട്ടക്കയമെന്നും അദ്ദേഹം പറഞ്ഞു.