സിപിഎമ്മിനെ പൊള്ളിക്കാൻ വീണ്ടും കരുവന്നൂർ
Saturday, March 15, 2025 12:00 AM IST
തൃശൂർ: വീണ്ടും സിപിഎമ്മിനെ പൊള്ളിക്കാൻ കരുവന്നൂർ കേസുമായി വീണ്ടും ഇഡി. കെ. രാധാകൃഷ്ണൻ എംപിയോടു ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയതോടെ കരുവന്നൂർ കേസിൽ സുപ്രധാനമായ നീക്കത്തിലേക്കാണ് ഇഡി കടന്നിരിക്കുന്നത്. സിപിഎമ്മിലെ മുതിർന്ന നേതാക്കളിലേക്കു വീണ്ടുമെത്തുന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഏതു കേസിന്റെ ചോദ്യംചെയ്യലിനാണു തന്നെ വിളിച്ചിരിക്കുന്നതെന്ന് ഇഡിയുടെ സമൻസിൽ വ്യക്തമാക്കിയിട്ടില്ലെന്ന് രാധാകൃഷ്ണൻ പറയുന്നുണ്ടെങ്കിലും, കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പു നടന്ന സമയത്തു സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ അന്നു നടത്തിയ ചില ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നു വ്യക്തമാണ്. ഇഡി വൃത്തങ്ങളും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്.
കരുവന്നൂർ കേസിൽ നേരത്തേ മുൻമന്ത്രി എ.സി. മൊയ്തീനെ ഇഡി ചോദ്യംചെയ്യുകയും മൊയ്തീന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും ജില്ലയിലെ സിപിഎമ്മിലെ പലരെയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
ഇടക്കാലത്തു കരുവന്നൂർ കേസിന്റെ അന്വേഷണം മന്ദഗതിയിലായെങ്കിലും, രാധാകൃഷ്ണനെപ്പോലുള്ള മുതിർന്ന സിപിഎം നേതാവിലേക്ക് ഇഡി അന്വേഷണം വീണ്ടുമെത്തുന്പോൾ കരുവന്നൂർ സിപിഎമ്മിനു വീണ്ടും തലവേദനയാകുകയാണ്.