റാഗിംഗ് കേസുകൾക്ക് ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച്
Wednesday, March 5, 2025 3:05 AM IST
കൊച്ചി: സംസ്ഥാനത്തെ റാഗിംഗ് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപവത്കരിക്കുമെന്നു ഹൈക്കോടതി.
റാഗിംഗ് തടയാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അഥോറിറ്റി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കെല്‍സയുടെ ഹര്‍ജി ഇന്ന് പ്രത്യേകബെഞ്ചില് പരിഗണനയ്ക്കെത്തും.
കാമ്പസുകളില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്രൂരമായ റാഗിംഗ് സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കെല്‍സയുടെ ഹര്‍ജി. നിലവിലുള്ള റാഗിംഗ് വിരുദ്ധ നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ ജില്ലാതല, സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപവത്കരിക്കണമെന്നാണു ഹര്‍ജിയിലെ പ്രധാന നിര്‍ദേശം.
കമ്മിറ്റികളില്‍ സര്‍ക്കാര്‍, നിയമ സേവന സ്ഥാപനങ്ങള്‍, സിവില്‍ സമൂഹം എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഉണ്ടായിരിക്കണം. അധ്യാപകരും രക്ഷിതാക്കളും അതില്‍ ഉള്‍പ്പെടണം. റാഗിംഗ് വിരുദ്ധ മാര്‍ഗനിര്‍ദേശങ്ങള്‍, ചട്ടങ്ങള്‍, ജുഡീഷല്‍ തീരുമാനങ്ങള്‍ എന്നിവ നടപ്പിലാക്കുന്നതിനു കമ്മിറ്റി മേല്‍നോട്ടം വഹിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും കമ്മിറ്റിക്കു പതിവായി പുരോഗതി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.
ഓരോ റാഗിംഗ് സംഭവവും ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും ജില്ലാതല നിരീക്ഷണസമിതികള്‍ വഴി പരിശോധിക്കാനും സംവിധാനമൊരുക്കണം. പരാതികള്‍ രഹസ്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന സാഹചര്യവും ഒരുക്കണം. 24X7 ടോള്‍ ഫ്രീ ഹെല്പ്പ്ലൈന് സ്ഥാപിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ജില്ലാ, താലൂക്ക് തലങ്ങളില്‍ സ്വീകരിച്ച റാഗിംഗ് വിരുദ്ധ നടപടികളുടെ ആനുകാലിക ഓഡിറ്റ് നടത്താന്‍ ഈ നടപടികള്‍ സഹായകമാകുമെന്നും കെല്‍സ അറിയിച്ചു.