ലഹരി മാഫിയകള്‍ക്കു പിന്നില്‍ ഭീകരവാദ പ്രസ്ഥാനങ്ങള്‍: വി.സി. സെബാസ്റ്റ്യന്‍
Wednesday, March 5, 2025 12:54 AM IST
കൊച്ചി: കേരളത്തെ ലഹരിയിലാഴ്ത്തുന്നതിന്റെ പിന്നില്‍ ആഗോള ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും പങ്കുള്ളതായി സംശയിക്കുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ഇവര്‍ക്കെതിരേ അന്വേഷണം നടത്തി സത്വര നടപടികളെടുക്കാനുള്ള ആര്‍ജവമാണ് കേന്ദ്ര, സംസ്ഥാന ഭരണസംവിധാനങ്ങള്‍ കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ലഹരിയുടെ മറവില്‍ നടക്കുന്ന അതിക്രൂരമായ സംഭവങ്ങളില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പുതുതലമുറയെ മാത്രം പഴിചാരേണ്ടതില്ല. ആഗോള ഭീകരവാദ ശക്തികൾ കേരളത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനമുറപ്പിച്ചിരിക്കന്നതിന്റെ വ്യക്തമായ തെളിവാണ് മറനീക്കി പുറത്തുവരുന്നത്.
ഒരു തലമുറയെ ഒന്നാകെ നശിപ്പിച്ച് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികളെയാണ് സമൂഹം തിരിച്ചറിയേണ്ടതും അധികാരികൾ കണ്ടെത്തേണ്ടതും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്ന സ്ഥലമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.