മദ്യലഹരിയിൽ മകന്റെ കൈ തല്ലിയൊടിച്ചയാൾ അറസ്റ്റിൽ
Wednesday, March 5, 2025 12:54 AM IST
കളമശേരി: കളമശേരിയിൽ മദ്യലഹരിയിലായിരുന്ന അച്ഛൻ പ്രായപൂർത്തിയാകാത്ത മകന്റെ കൈ തല്ലിയൊടിച്ചു. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മകൻ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് സ്വദേശിയായ അച്ഛനെ കളമശേരി പോലീസ് ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചി സർവകലാശാല കോളനിയിൽ ശനിയാഴ്ച രാത്രി 8.30 ഓടെയാണു സംഭവം. ഭാര്യയുമായി പിരിഞ്ഞ് താമസിക്കുന്ന തമിഴ്നാട് സ്വദേശി മകനെ അടയ്ക്കാമരത്തിന്റെ പാളിക്ക് അടിച്ചപ്പോൾ കൈ ഒടിയുകയായിരുന്നു.
ആറാം ക്ലാസിൽ പഠിക്കുന്ന മകന്റെ ബാഗിൽ ഇൻസ്ട്രുമെന്റ് ബോക്സ് കാണാത്തതിനെത്തുടർന്ന് കുട്ടിയെ അടിക്കുകയായിരുന്നു. രാത്രി കൈയ്ക്കു വേദന കൂടിയതോടെ കുട്ടിയെ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ അച്ഛൻ എത്തിച്ച് ചികിത്സ തേടി. മകൻ സൈക്കിളിൽനിന്നു വീണെന്നാണ് അച്ഛൻ ഡോക്ടറോടു പറഞ്ഞത്.
എന്നാൽ, പിറ്റേ ദിവസം കുട്ടിയുടെ അമ്മ കാണാനെത്തിയപ്പോൾ അച്ഛൻ തല്ലിയതാണെന്നു കുട്ടി അമ്മയോട് പറഞ്ഞു. ഈ വിവരം അമ്മ ആശുപത്രി അധികൃതരെ അറിയിച്ചു. ഇവർ കളമശേരി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു