നിക്ഷേപ വാഗ്ദാനങ്ങൾ ഭാവിതലമുറയ്ക്ക് ഗുണകരമാകും: മന്ത്രി പി.രാജീവ്
Wednesday, March 5, 2025 12:54 AM IST
തിരുവനന്തപുരം: ഇപ്പോഴത്തെ നിക്ഷേപ വാഗ്ദാനങ്ങളെ ഭാവി തലമുറയ്ക്ക് എങ്ങനെ ഗുണകരമാക്കാം എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ആലോചന വേണ്ടതെന്നു മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു.
കൊച്ചിയിൽ നടത്തിയ നിക്ഷേപ സംഗമത്തിൽ കേരളത്തിനു ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങളെ കുറിച്ചാണ് ഇപ്പോൾ ആലോചിക്കേണ്ടത്. മുൻ കാലങ്ങളിൽ പല സർക്കാരുകളുടെ കാലത്തു നടന്ന നിക്ഷേപ സംഗമങ്ങളെ കുറിച്ചോ അടുത്തതു നടത്തുന്നതിനെക്കുറിച്ചോ അല്ല ആലോചിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ യോഗങ്ങളും മറ്റുമെല്ലാം നടക്കുന്നു. അതിൽ തൊഴിൽ സംഘടനകളെ അടക്കം പങ്കെടുപ്പിക്കുന്നുണ്ട്. എംഎൽഎമാർ അവരുടെ മണ്ഡലങ്ങളിലെ പദ്ധതികൾ കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്നതിനു മേൽനോട്ടവും മുൻകൈയും എടുക്കണം.
കേരളത്തിൽ നടന്ന നിക്ഷേപ സംഗമങ്ങളായ ജിം, എമെർജിംഗ് കേരള, അസെന്റ് തുടങ്ങിയവയുടെ കണക്കെടുപ്പല്ല വേണ്ടത്. ഇവ പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയാതെ പോയത് എന്തുകൊണ്ടാണെന്നാണ് ആലോചിക്കേണ്ടത്. അതിൽ നിന്നു പാഠം ഉൾക്കൊണ്ട് ഇപ്പോഴത്തെ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കാൻ ഭരണ- പ്രതിപക്ഷ ഭേദമന്യേ ഒന്നിച്ചു നിൽക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞതൊന്നും ഇനി ചർച്ച ചെയ്യേണ്ടെതില്ലെന്ന മന്ത്രിയുടെ നിലപാടിനോടു മുൻ വ്യവസായ മന്ത്രി കൂടിയായ പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടി വിയോജിപ്പു പ്രകടിപ്പിച്ചു. എമർജിംഗ് കേരളയിൽ പൊതുമേഖലയെ വേണ്ടവിധം പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ ഇന്നു സാന്പത്തിക സ്ഥിതി ശോഷിക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ചരിത്രം പറയാതിരിക്കുന്നതു നമ്മൾ എല്ലാവരും കൂടി ഉണ്ടാക്കിയ ഐക്യത്തെ ദുർബലപ്പെടുത്തേണ്ടെന്നു കരുതിയാണെന്നു മന്ത്രി രാജീവ് ഇതിനു മറുപടി നൽകി. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനെ ജിം ഉദ്ഘാടന ചടങ്ങിലേക്കു കുഞ്ഞാലിക്കുട്ടി ക്ഷണിക്കുന്ന ചിത്രവും രാജീവ് ഉയർത്തിക്കാട്ടി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള അന്നത്തെ അഞ്ച് യുവ എംഎൽഎമാർ ഇതിനെതിരെ ബ്ലോഗിൽ എഴുതിയതും നിങ്ങൾക്കിടയിലും തർക്കമുണ്ടായതും എല്ലാവർക്കും അറിയാവുന്നാണ്. തുടർന്ന് വിഎസിന്റെ പ്രസംഗവും മന്ത്രി ഉദ്ധരിച്ചു.
ഈ ചരിത്രത്തിലേക്ക് അധികം പോകുന്നില്ല. എല്ലാ കാലത്തും എല്ലാവരും ഇന്നലെകളിൽ നിന്ന സ്ഥലത്തു തന്നെ നിൽക്കില്ലല്ലോ. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ചാണു നിലപാടു സ്വീകരിക്കുന്നതെന്നും അ ദ്ദേഹം പറഞ്ഞു.