സ്വര്‍ണ വ്യാപാരികളുടെ സംഘടനയിലെ ഭിന്നത പുതിയ തലത്തിലേക്ക്
Wednesday, March 5, 2025 12:54 AM IST
കൊച്ചി: ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനിലെ ഭിന്നത പുതിയ തലത്തിലേക്ക്. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനു മുന്‍ പ്രസിഡന്റ് ഡോ. ബി. ഗോവിന്ദന്, ബിന്ദു മാധവ്, റോയ് പാലത്തറ എന്നിവരെ സംഘടനയില്‍ നിന്നു പുറത്താക്കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ള റേറ്റ് കമ്മിറ്റി അംഗങ്ങളോട് പോലും ആലോചിക്കാതെ സ്വന്തം താത്പര്യപ്രകാരമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇവര്‍ സ്വര്‍ണവില പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നതെന്ന് അബ്ദുല്‍ നാസര്‍ പറഞ്ഞു.
എകെജിഎസ്എംഎ ആസ്ഥാനമായ സ്വര്ണഭവന്റെയും സംഘടനയുടെയും അവകാശ തര്‍ക്കങ്ങളെക്കുറിച്ചുള്ള കേസുകള്‍ വിവിധ കോടതികളിൽ നടക്കുകയാണ്.
30 ശതമാനംവരെ പലിശ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ജ്വല്ലറി ഗ്രൂപ്പിനെതിരേ അന്വേഷണം നടത്തണം. വലിയ പലിശ വാഗ്ദാനം ചെയ്ത് കേരളത്തിലുടനീളം നിരവധി പേരില്‍നിന്ന് കോടികളാണ് ഈ ജ്വല്ലറി ഗ്രൂപ്പ് തട്ടിയത്.
പണം തിരിച്ചു ലഭിക്കാതെ വന്നതോടെ നിക്ഷേപകര്‍ ഈ ജ്വല്ലറിയുടെ ശാഖകള്‍ക്കു മുന്നില്‍ പ്രതിഷേധവുമായി വരുന്നുണ്ട്. എന്നിട്ടു പോലും അന്വേഷണം നടത്താന്‍ പോലീസ് മടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.14 ജില്ലാ കമ്മിറ്റികളില്‍ 12ഉം 112 അംഗ കൗണ്‍സിലര്‍മാരില്‍ 99 പേരും തങ്ങള്‍ക്കൊപ്പമാണെന്നും അബ്ദുല്‍ നാസര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ആക്ടിംഗ് പ്രസിഡന്റ് അയമു ഹാജി, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി ബി. പ്രേമാനന്ദ്, വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് ഏര്‍ബാദ്, സെക്രട്ടറി എസ്. പളനി എന്നിവരും പങ്കെടുത്തു.