നയതന്ത്ര സ്വർണക്കടത്ത് ; ഒരാൾ പിടിയിൽ
Wednesday, March 5, 2025 12:54 AM IST
നെടുമ്പാശേരി : നയതന്ത്ര ബാഗേജിന്റെ മറവിൽ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായ മലപ്പുറം സ്വദേശി എൻഐഎയുടെ പിടിയിലായി. കേസില്‍ 34ാം പ്രതിയായ റംസാന് പാറഞ്ചേരി എന്ന സാബു പുല്ലാര (40)യെയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
2020 ല്‍ യുഎഇയില്‍നിന്നു നയതന്ത്ര ബാഗേജ് ഉപയോഗിച്ച് അനധികൃതമായി സ്വര്‍ണം അയച്ച കേസിലാണ് ഇയാള്‍ പ്രതിയായത്. കേസെടുത്തതിനുപിന്നാലെ ഒളിവില്‍ പോയ ഇയാള്‍ പിന്നീട് യുഎഇയിലേക്കു കടക്കുകയായിരുന്നു. ഇതേത്തുടർന്ന് എന്‍ഐഎ ഇയാൾക്കെതിരേ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ മാസം 28 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാൾ അറസ്റ്റിലായത്.
ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാൽ എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവച്ച് എൻ.ഐ.എയെ അറിയിക്കുകയായിരുന്നു. മാർച്ച് ഒന്നിനു കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാലു ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു.
കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് യുഎഇയിൽ ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കു നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണു വിവരം.
35 പ്രതികളുള്ള കേസിൽ 25 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച സ്വര്‍ണം 2020 ജൂണ്‍ 30നു തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. ജൂലൈ അഞ്ചിനാണു ബാഗേജ് തുറക്കുന്നത്. 2019 നവംബര്‍ മുതല്‍ 21 തവണയായി ആകെ 166 കിലോഗ്രാം സ്വര്‍ണം നയതന്ത്ര ചാനല്‍ വഴി അയച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.