സാങ്കേതിക തകരാർ: അധ്യാപകർ അടക്കമുള്ളവരുടെ ശന്പളം മുടങ്ങി
Wednesday, March 5, 2025 12:54 AM IST
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്നു സംസ്ഥാനത്ത് അധ്യാപകർ ഉൾപ്പെടെയുള്ള ഒരു വിഭാഗം ജീവനക്കാരുടെ ശന്പളം മുടങ്ങി. മാസത്തിന്റെ രണ്ടും മൂന്നും പ്രവൃത്തി ദിനങ്ങളിൽ ലഭിക്കേണ്ട അധ്യാപകർക്കും ജീവനക്കാർക്കുമുള്ള ശന്പളമാണു മുടങ്ങിയത്.
സെർവർ തകരാറാണ് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്നലെ ഉച്ചയോടെ ശരിയാകുമെന്നായി ജീവനക്കാരെ അറിയിച്ചിരുന്നത്. എന്നാൽ വൈകുന്നേരമായിട്ടും ഭൂരിഭാഗം ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടിൽ പണം എത്തിയില്ലെന്നാണു പരാതി.
ഇടിഎസ്ബിയിൽ (എംപ്ലോയീസ് ട്രഷറി സേവിംഗ്സ് ബാങ്ക്) തുക ക്രെഡിറ്റ് ചെയ്തെങ്കിലും ഇവിടെ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയില്ല. ജീവനക്കാരിൽ ഭൂരിഭാഗവും ബാങ്ക് അക്കൗണ്ട് വഴിയാണ് ശന്പളം വാങ്ങുന്നത്.
സാന്പത്തിക പ്രതിസന്ധിയാണ് ശന്പളം മുടങ്ങാൻ കാരണമെന്ന ആരോപണവുമുയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇതേ സമയവും ശന്പളം മുടങ്ങിയിരുന്നു. അന്ന് ഒന്നാം തീയതി മുതൽ ശന്പളം മുടങ്ങി.
എന്നാൽ, ഇത്തവണ ഒന്നാം തീയതി ശന്പളം ലഭിക്കുന്ന സെക്രട്ടേറിയറ്റ് ജീവനക്കാർക്കും പോലീസുകാർക്കും ട്രഷറി ഉദ്യോഗസ്ഥർക്കും ശന്പളം ലഭിച്ചിരുന്നു.