മൂന്നുപേരുടെ മരണം: വില്ലനായത് അമിതവേഗം
Wednesday, March 5, 2025 12:54 AM IST
കാസര്‍ഗോഡ്: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അച്ഛനും മകനും മകന്റെ സുഹൃത്തും മരിച്ച സംഭവത്തില്‍ വില്ലനായത് കാറിന്റെ അമിതവേഗം.
180 കിലോമീറ്ററോളം വേഗത്തിലാണ് ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് ഡിസയര്‍ കാര്‍ പാഞ്ഞത്. തിങ്കളാഴ്ച രാത്രി 10.30ഓടെ ഉപ്പള പാലത്തിനു സമീപമാണ് അപകടമുണ്ടായത്.
പൈവളിഗെ ബായിക്കട്ട മഞ്ചല്തോടിയിലെ ജനാര്‍ദന (58), മകന് അരുണ്‍ (28), അരുണിന്റെ സുഹൃത്ത് ഹൊസങ്കടി മജ്ബയല്‍ റോഡിലെ കിഷന്‍കുമാര്‍ (32) എന്നിവരാണ് മരിച്ചത്.
അരുണിന്റെ വീട്ടിലെത്തിയ കിഷനെ രാത്രി തിരിച്ചു വീട്ടില്‍ കൊണ്ടുവിടാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. കിഷനാണ് കാര്‍ ഓടിച്ചത്. മൂവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന രത്തന്‍ (28) ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പരേതരായ കണ്ണപ്പ-രാജീവി ദമ്പതികളുടെ മകനാണ് ജനാര്‍ദ്ദന. ഭാര്യ: വനജ. മറ്റു മക്കള്‍: കിരണ്‍, നിരീക്ഷ. സഹോദരങ്ങള്‍: സാംബവി, ശാരദ, കേശവ, പ്രകാശ. പരേതനായ ഭൂപതിയുടെയും കൃഷ്ണകുമാരിയുടെയും ഏക മകനാണ് കിഷന്‍കുമാര്‍.