സംസ്ഥാനത്തിന് പുതിയ മുഖം നൽകാൻ ഇൻവെസ്റ്റ് കേരള ഉച്ചകോടിക്കായി: മുഖ്യമന്ത്രി
Wednesday, March 5, 2025 12:54 AM IST
തിരുവനന്തപുരം: വ്യവസായ മേഖലയിൽ സംസ്ഥാനത്തിന് പുതിയ മുഖം നൽകാൻ ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കായെന്നും ഇതു നിലനിർത്തി മുന്നോട്ടു കൊണ്ടുപോകാനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്കായി സർക്കാരുമായി സഹകരിച്ച വ്യവസായവാണിജ്യ സംഘടനകളുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉച്ചകോടിയിലെ നിക്ഷേപങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള തുടർ നടപടികൾ കൃത്യമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇൻവെസ്റ്റ് കേരളയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വ്യവസായ മേഖലയുടെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട മന്ത്രിമാരുടെ യോഗം ഈ മാസം 14ന് മുഖ്യമന്ത്രി വിളിക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ട്രേഡ് യൂണിയനുകളുടെ യോഗവും ചേരും.
ഇൻവെസ്റ്റ് കേരളയിലും തുടർന്നുമായി കേരളത്തിനു ലഭിച്ച നിക്ഷേപ വാഗ്ദാനം 1.75 ലക്ഷം കോടി രൂപയായി ഉയർന്നെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. ഇൻവെസ്റ്റ് കേരളയിൽ നിന്നുണ്ടായ സമാനസ്വഭാവമുള്ള വ്യവസായ നിർദേശങ്ങളെ ഏഴ് മേഖലകളായി നിശ്ചയിക്കുകയും ചുമതലകൾ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ മേഖലയിലെയും പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ നടത്താൻ 12 വിദഗ്ധരെ നിയമിക്കും. രണ്ടാഴ്ചയിലൊരിക്കൽ പ്രിൻസിപ്പൽ സെക്രട്ടറിയും മാസം തോറും വ്യവസായമന്ത്രിയും പദ്ധതികൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.