കേന്ദ്ര വനനിയമം മാറ്റുകയാണു വേണ്ടതെന്ന് എം.വി. ജയരാജൻ
Wednesday, March 5, 2025 12:54 AM IST
കണ്ണൂർ: കേന്ദ്ര വനനിയമം മാറ്റുകയാണുവേണ്ടതെന്ന് സിപിഎം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. മനുഷ്യരെ കൊല്ലാൻ വരുന്ന വന്യജീവികളെ വെടിവയ്ക്കാനുള്ള അധികാരം വനംവകുപ്പിൽ താഴെതട്ടിലും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സണ്ണി ജോസഫ് എംഎൽഎ ഇരിട്ടിയിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി സംസ്ഥാന സർക്കാരിനെതിരേ നടത്തിയ പരാമർശം അന്നത്തെ സാഹചര്യത്തിലുള്ളതാണ്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെയാണു സമരം നടത്തേണ്ടത്.
എന്നാൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണു ചിലർ ശ്രമിക്കുന്നത്. മാഫിയ സംഘങ്ങൾക്ക് ഇനി ഭാവിയില്ല. തലപൊക്കാൻ ഏതെങ്കിലും മാഫിയസംഘം ശ്രമിച്ചാൽ ജനം തടയിടും. പോലീസ് നടപടികളുമായി മുന്നോട്ടു പോകും.
കോൺഗ്രസിൽ അഞ്ചു പേരാണ് മുഖ്യമന്തിയാകാൻ ശ്രമിക്കുന്നത്. എന്നാൽ എൽഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ ഏറ്റവും മിടുക്കനായ ഒരാൾ മുഖ്യമന്ത്രിയാകും. എൽഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്ന മുന്നണിയും മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പാർട്ടിയും തീരുമാനിക്കും.
പിണറായിക്ക് ഇളവ് നൽകണമോയെന്നത് സാഹചചര്യത്തിന് അനുസരിച്ച് പാർട്ടി എടുക്കേണ്ട തീരുമാനമാണ്. അത് ഇപ്പോൾ എടുക്കേണ്ട തീരുമാനമല്ല. എല്ലാവരും ഒരുകാര്യം സമ്മതിക്കുന്നുണ്ട്. മൂന്നാം ഊഴം എൽഡിഎഫിനാണെന്ന്. ഇടതുപക്ഷത്തിന്റെ ജനപിന്തുണയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.