സർക്കുലർ കേന്ദ്ര നിയമത്തിനെതിര്; നടപടിയെടുക്കാനാകാതെ ഉദ്യോഗസ്ഥർ
Wednesday, March 5, 2025 12:54 AM IST
റെനീഷ് മാത്യു
കണ്ണൂർ: ദുബായ് നിയമത്തിനു കേരളത്തിൽ നിയമ പ്രാബല്യമില്ലാത്തതിനാൽ നടപടി എടുക്കാനാകാതെ വെഹിക്കിൾ ഇൻസ്പെക്ടർമാർ. കേരളത്തിലെ ഓട്ടോറിക്ഷകളിൽ മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ യാത്ര സൗജന്യം എന്ന സർക്കുലറാണു വിവാദത്തിലായിരിക്കുന്നത്.
ഫെയർ മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ യാത്ര സൗജന്യം എന്ന് ടാക്സി വാഹനങ്ങളിൽ എഴുതണമെന്ന നിയമം ദുബായിൽ ഉണ്ട്. ഇതിനെ മാതൃകയാക്കിയാണു കേരളത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലർ ഇറക്കിയത്.
സർക്കുലറിൽ പറയുന്നത് സംസ്ഥാന ട്രാൻസ്പോർട്ട് അഥോറിറ്റി ഇങ്ങനെ ഒരു നിർദേശം നടപ്പാക്കാൻ തീരുമാനിച്ചുവെന്നാണ്. പബ്ലിക് സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഫെയർ, പെർമിറ്റ് ഇവയൊക്കെ തീരുമാനിക്കാൻ സംസ്ഥാന ട്രാൻസ്പോർട്ട് അഥോറിറ്റിക്ക് അധികാരം ഉണ്ട്. പക്ഷേ, കേന്ദ്ര നിയമത്തിലോ ചട്ടങ്ങളിലോ പറയുന്നതിന് അപ്പുറം ഉള്ള നിയമങ്ങൾ ഉണ്ടാക്കാൻ ഈ അഥോറിറ്റിക്ക് അധികാരമില്ല.
കേന്ദ്ര മോട്ടോർ വാഹന നിയമത്തിലാണു മോട്ടോർ വാഹന നിയമലംഘനങ്ങളും അവയ്ക്കുള്ള പിഴയും നിർദേശിച്ചിരിക്കുന്നത്. സെക്ഷൻ 77 മുതൽ 209 വരെയാണ് ഇതു സംബന്ധിച്ചു പറഞ്ഞിട്ടുള്ളത്. ഇതിൽ ഒരിടത്തും മീറ്റർ പ്രവർത്തനരഹിതമായാൽ യാത്ര സൗജന്യം ആക്കാൻ പറയുന്നില്ല. അമിത ചാർജ് ഈടാക്കിയാൽ നടപടി എടുക്കാൻ നിയമം ഉണ്ട്. തർക്കങ്ങൾ ഇല്ലാതെ ചാർജ് ഈടാക്കാനാണ് മീറ്റർ ഘടിപ്പിക്കുന്നത്.
മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 177 അനുസരിച്ച് ഇപ്പോൾ മീറ്റർ ഇല്ലാത്ത ഓട്ടോറിക്ഷക്ക് 250 രൂപ പിഴ അടപ്പിക്കുന്നുണ്ട്. സെക്ഷൻ 177 പറയുന്നത് കേന്ദ്ര നിയമത്തിലോ ചട്ടങ്ങളിലോ ഇവയിൽ പറയുന്ന നിർദേശങ്ങൾ അനുസരിച്ചു പുറപ്പെടുവിക്കുന്ന നിർദേശങ്ങളിലോ നോട്ടിഫിക്കേഷനിലോ പറയുന്ന നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് അതിന് പ്രത്യേക പിഴ പറയുന്നില്ലെങ്കിൽ 500 രൂപ പിഴ ചുമത്താം എന്നാണ്. കേരളം ഇത് 250 ആയി കുറച്ചിട്ടുണ്ട്.
ഫെയർ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ യാത്ര സൗജന്യം ആക്കണം എന്ന് കേന്ദ്ര മോട്ടോർ വാഹന നിയമത്തിലോ ചട്ടങ്ങളിലോ നിർദേശിക്കാത്തതുകൊണ്ട് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ നിലനിൽക്കില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
ദുബായ് സർക്കാരിന്റെ നിയമം അനുസരിച്ചു കേരളത്തിൽ സ്റ്റേറ്റ് ട്രാൻസ്പോർട് അഥോറിറ്റിക്കു നിർദേശം പുറപ്പെടുവിക്കാൻ സാധിക്കില്ല. വെഹിക്കിൾ ഇൻസ്പെക്ടർമാർ എല്ലാ ദിവസവും റോഡിൽ ഇറങ്ങി ഓട്ടോ റിക്ഷകൾ പരിശോധിക്കുക. മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ സെക്ഷൻ 177 അനുസരിച്ചു 250 രൂപ പിഴ ചുമത്തുക എന്നിവയാണു കേന്ദ്ര നിയമമനുസരിച്ചു ചെയ്യാനാകുക.