രതീഷ് കാളിയാടന്റെ പിഎച്ച്ഡി വിവാദം: രേഖകൾ കൈമാറി
Wednesday, March 5, 2025 12:54 AM IST
കണ്ണൂർ: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി കോപ്പിയടിച്ചതാണെന്ന ആരോപണത്തെത്തുടർന്ന് പ്രബന്ധത്തിന്റെ രേഖകൾ വിശദമായ പരിശോധനയ്ക്കു യുജിസി ഡോക്ടറേറ്റ് നൽകിയ ആസാം യൂണിവേഴ്സിറ്റിക്ക് അയച്ചു. കണ്ണൂർ സർവകലാശാല സെനറ്റ് അംഗമായ ഡോ. ഷിനോ പി. ജോസിന്റെ പരാതിയെത്തുടർന്നാണു നടപടി.
അതേസമയം ഈ വിഷയത്തിൽ യുജിസി അല്ല, ആസാം യൂണിവേഴ്സിറ്റി തന്നെ നടപടി സ്വീകരിക്കണമെന്നും ഇതിനായി നിർദേശം നൽകണമെന്നും കാണിച്ച് ഡോ. ഷിനോ പി. ജോസ് യുജിസി ചെയർമാൻ, സെക്രട്ടറി, കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി എന്നിവരോട് ആവശ്യപ്പട്ടിട്ടുണ്ട്.
വി. രാജേഷ് എന്നയാൾ മൈസൂരു സർവകലാശാലയിൽ പിഎച്ച്ഡിക്കായി സമർപ്പിച്ച പ്രബന്ധം രതീഷ് കാളിയാടൻ കോപ്പിയടിച്ച് ആസാം സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയെന്നാണ് ആരോപണം. യുജിസിയും ആസാം സർവകലാശാലയും മാതൃകാപരമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഷിനോ പി. ജോസ് പറഞ്ഞു.