കക്കയത്തെ കാട്ടുപോത്ത് ആക്രമണം;കർഷകൻ ഏബ്രഹാം രക്തസാക്ഷിയായിട്ട് ഒരാണ്ട്
Wednesday, March 5, 2025 12:54 AM IST
ജോൺസൺ പൂകമല
കൂരാച്ചുണ്ട്: കക്കയത്തെ നിവാസികൾക്ക് ഇപ്പോഴും ആ പേടി മാറിയിട്ടില്ല. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രായത്തെപോലും അവഗണിച്ച് സ്വന്തം കൃഷിയിടത്തിൽ തൊഴിൽ ചെയ്യുന്നതിനിടെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ പാലാട്ടിയിൽ ഏബ്രഹാം (70) രക്തസാക്ഷിയായത്.
2024 മാർച്ച് അഞ്ചിന് പുലർച്ചെ പതിവുപോലെ കക്കയം ഡാം സൈറ്റ് റോഡിന് സമീപം തന്റെ സ്വന്തം കൃഷിയിടത്തിൽ ജോലിക്കായി പോയ ഏബ്രഹാം കൃഷിയിടത്തിൽനിന്നു തേങ്ങ ഉരിച്ച് ചാക്കിലാക്കി വീട്ടിലേക്ക് മടങ്ങുന്നതിനിടയാണ് കൊലയാളിക്കാട്ടുപോത്ത് ജീവനെടുത്തത്.
തുടർന്ന് ജനങ്ങൾ ജീവിക്കാനുള്ള അവകാശങ്ങൾക്കായി കോഴിക്കോട്ടും കക്കയത്തും പ്രക്ഷോഭങ്ങൾ നടത്തി. സമരക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ച് ഏബ്രഹാമിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരവും രണ്ടു മക്കൾക്ക് വകുപ്പിന്റെ കീഴിൽ താത്കാലിക ജോലിയും നൽകി. മറ്റു വാഗ്ദാനങ്ങൾ പലതും കടലാസിലൊതുങ്ങി.
നാട്ടുകാരെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ കൊലയാളിയായ കാട്ടുപോത്തിനെ കണ്ടെത്തി വെടിവച്ച് കൊല്ലാമെന്ന സിസിഎഫിന്റെ ഉത്തരവ് പ്രകാരം ഒരു മാസത്തോളം വനമേഖലയിൽ ആർആർടി സംഘമെത്തി വ്യാപക പരിശോധനകൾ നടത്തിയെന്നല്ലാതെ പോത്തിനെ കണ്ടെത്തിയില്ല.
മേഖലയിൽ കർഷകർ ഇപ്പോഴും കാട്ടുപോത്തുകൾ അടക്കമുള്ള വന്യജീവികളുടെ ഭീഷണിയിലാണ് കഴിഞ്ഞുകൂടുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണാധികാരികൾ മൃഗ സംരക്ഷകരായി മാത്രം നിലകൊളുന്നത് ആർക്കുവേണ്ടിയാണെന്ന ചോദ്യമാണ് കക്കയം നിവാസികൾ ഉയർത്തുന്നത്.