ആത്മകഥാ വിവാദം: മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന!
Thursday, November 14, 2024 1:00 AM IST
കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഇ.പി. ജയരാജനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.പി. ജയരാജന് പറയുന്നതാണു പാര്‍ട്ടി മുഖവിലയ്ക്കെടുക്കുന്നത്.
പുസ്തകം എഴുതിയിട്ടില്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജയരാജന് പറഞ്ഞിട്ടുണ്ട്. വിവാദം അദ്ദേഹത്തിന്റെ അറിവോടെയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജയരാജന് പറഞ്ഞത് വിശ്വസിക്കുകയാണ് പാര്‍ട്ടിക്കു ചെയ്യാന്‍ കഴിയുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ പാര്‍ട്ടിക്കെതിരായി നടത്തുന്ന മാനസിക ഗൂഢാലോചനയുടെ ഭാഗമായി വന്നതാണിതെന്നും ഡിസി ബുക്സ് മാധ്യമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു.
വിഷയത്തില്‍ പാര്‍ട്ടിക്കു കൃത്യമായ ധാരണയുണ്ട്. പുസ്തകം എഴുതിയിട്ടില്ലെന്ന് ജയരാജന് പറഞ്ഞുകഴിഞ്ഞാല്‍ പിന്നെന്ത് ചോദ്യമാണുള്ളത്?. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ്. ഇങ്ങനെയാരു വാര്‍ത്ത സൃഷ്ടിച്ച് പാര്‍ട്ടിക്കുമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണു മാധ്യമങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ജയരാജന് ഡിസി ബുക്സിനെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നു പറയുമ്പോഴും ഈ കാര്യത്തില്‍ പാര്‍ട്ടി പിന്തുണ നല്‍കുമോയെന്ന ചോദ്യത്തിനു മറുപടി പറയാന്‍ എം.വി. ഗോവിന്ദന് തയാറായില്ല. ഒരാള്‍ പുസ്തകം എഴുതുന്നതിനു പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ല. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിക്കണമോ എന്ന കാര്യം പാര്‍ട്ടി പരിശോധിക്കും.
ഇത്തരത്തിലുള്ള ആരോപണം പാര്‍ട്ടിക്കെതിരേയുള്ള ഗൂഢാലോചനയെന്ന് ഇ.പി പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ജയരാജന് പറഞ്ഞസ്ഥലത്ത് ഞാന്‍ നിര്‍ത്തുന്നു എന്ന് മാത്രമായിരുന്നു മറുപടി. ഇത്തരം വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ചേലക്കരയില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്യുന്നത്. ജയരാജന്റെ വിഷയത്തില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് ഒരുചാനല്‍ ഇന്നലെ രാവിലെ വാര്‍ത്ത കൊടുത്തു. ഞാന്‍ ആരോടാണ് ഇങ്ങനെ അതൃപ്തി പ്രകടിപ്പിച്ചതെന്ന് എം.വി ഗോവിന്ദന് ചോദിച്ചു.
ജയരാജന് പറയുന്നത് അങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടില്ലെന്നാണ്. അങ്ങനെ അദ്ദേഹം പറയുമ്പോള്‍ അതില്‍ പിടിച്ചിട്ട് ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ തനിക്കെന്തെങ്കിലും അതൃപ്തിയുണ്ടെന്ന് ജയരാജന് പാര്‍ട്ടിയോട് പറഞ്ഞിട്ടില്ല.
എല്ലാ തെരഞ്ഞെടുപ്പിലും ജയരാജന് വിവാദമുണ്ടാക്കിയിട്ടില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്രമാണ് അങ്ങനെ സംഭവിച്ചതെന്നും ഒരു ചോദ്യത്തിന് മറുപടിയായി എം.വി. ഗോവിന്ദന് പറഞ്ഞു.