‘ഓപ്പറേഷന് നുംഖോറു’മായി ബന്ധപ്പെട്ട് നടന് അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം. അമിത് വാഹന ഉപഭോക്താവ് മാത്രമല്ല, ഇടനിലക്കാരനുമാണെന്നാണു കസ്റ്റംസ് സംശയിക്കുന്നത്.
അനധികൃതമായി ഭൂട്ടാനില്നിന്നെത്തിക്കുന്ന വാഹനങ്ങള്‍ കേരളത്തിലടക്കം വിറ്റഴിക്കുന്ന ഇടനിലസംഘവുമായുള്ള നടന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസ് പരിശോധന ആരംഭിച്ചു.
കഴിഞ്ഞദിവസം പിടികൂടിയ വാഹനങ്ങളില്‍ ചിലതു തന്റേതല്ലെന്ന് അമിത് വ്യക്തമാക്കിയിരുന്നു. ഈ വാഹനങ്ങള്‍ കേരളത്തിലെത്തിയതു സംബന്ധിച്ച് കസ്റ്റംസ് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ അമിത് ചക്കാലയ്ക്കലില്‍ എത്തിനില്‍ക്കുന്നത്.
ഇടനിലസംഘം വിറ്റഴിച്ച പല പ്രീമിയം വാഹനങ്ങളുടെ വില്പനയിലും അമിതിന് നേരിട്ടു പങ്കുള്ളതായാണ് കസ്റ്റംസിനു ലഭിച്ചിട്ടുള്ള വിവരം. കോയമ്പത്തൂരിലെ വാഹനക്കച്ചവടസംഘത്തെ അറിയാമെന്ന് അമിത് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നടനെ വിശദമായി ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്.
പ്രാഥമിക അന്വേഷണമാണു നിലവില്‍ നടക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനധികൃതമായി 200ഓളം വാഹനങ്ങളാണു കേരളത്തിലെത്തിച്ചിട്ടുള്ളത്. ഇവ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഇതുവരെ 38 വാഹനങ്ങളാണു കണ്ടെത്തിയിട്ടുള്ളത്. ഇന്നലെയും കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഹാജരായ അമിത് പിടിച്ചെടുത്ത വാഹനത്തിന്റെ രേഖകള്‍ ഉദ്യോഗസ്ഥര്‍ക്കു കൈമാറി.
അടിമുടി ദുരൂഹത
കഴിഞ്ഞദിവസത്തെ പരിശോധനയില്‍ എറണാകുളം കുണ്ടന്നൂരില്‍നിന്ന് പിടിച്ചെടുത്ത വാഹനം ഫസ്റ്റ് ഓണര്ഷിപ്പാണെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ഇതില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണു റിപ്പോര്‍ട്ട്. കുണ്ടന്നൂരിലെ വര്‍ക്ക്ഷോപ്പില്‍നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസിന്റെ ആര്‍സി വിലാസം വ്യാജമാണെന്നാണു കണ്ടെത്തിയിട്ടുള്ളത്.
ആസാം സ്വദേശി മാഹിന്‍ അന്‍സാരിയുടെ പേരിലാണു വാഹനം. അങ്ങനെയൊരാളില്ലെന്നാണ് കസ്റ്റംസ് പറയുന്നത്. വണ്ടിയുടെ യഥാര്‍ഥ ഉടമയെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.
രേഖകള്‍ ചമച്ചത് ഷിംലയിലെ ആര്‍ടി ഓഫീസില്‍
ഓപ്പറേഷന് നുംഖോറുമായി ബന്ധപ്പെട്ട അന്വേഷണം ഹിമാചൽ പ്രദേശിലേക്കും വ്യാപിപ്പിച്ചു. ഭൂട്ടാനില്‍നിന്നു ഹിമാചല്‍ പ്രദേശിലെത്തുന്ന വാഹനങ്ങള്‍ക്ക് ഷിംല റൂറല്‍ ആര്‍ടി ഓഫീസില്‍നിന്ന് നിയമവിരുദ്ധമായ രേഖകള്‍ നിര്‍മിച്ചു നല്‍കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
ഇതിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചിട്ടുണ്ട്. ഈ ഉദ്യോസ്ഥരെ ചോദ്യം ചെയ്യും. ഇതുവഴി കേരളത്തിലേക്കെത്തിയ വാഹനങ്ങള്‍ കണ്ടെത്താനുള്ള നീക്കവും ആരംഭിച്ചു.
വാഹനവില്പനയുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിലെ ഒരാളെ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
ഇടനിലക്കാരനായി നിന്നിട്ടില്ല: അമിത് ചക്കാലയ്ക്കല്‍
സെലിബ്രിറ്റികള്‍ക്ക് വാഹനം എത്തിച്ചുകൊടുക്കാന്‍ ഇടനിലക്കാരനായി ് നിന്നിട്ടില്ല. വണ്ടിയുടെ കണ്ടീഷന്‍ പരിശോധിക്കാന്‍ പലരും സമീപിക്കാറുണ്ട്. വാഹനങ്ങള്‍ ഇന്‍സ്പെക്ട് ചെയ്യാറുണ്ട്. അതിന് സഹായികളുമുണ്ട്.
കോയമ്പത്തൂര്‍ സംഘത്തില്‍നിന്നു സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്. ആ സംഘം ആദ്യം വണ്ടിക്കച്ചവടമല്ല നടത്തിയിരുന്നത്. വാഹനങ്ങളുടെ പാര്‍ട്സ് വില്‍ക്കുകയായിരുന്നു. ഇപ്പോള്‍ പിടിച്ചെടുത്ത വാഹനങ്ങളെല്ലാം എന്റേതല്ല. ഒരു വാഹനം മാത്രമാണ് എന്റേത്. ആ വണ്ടി കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ ഉപയോഗിക്കുന്നതാണ്.
Tags :
Amith Chakkalakkal operation Numkhor