2,03,803 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നൽകും
1396101
Wednesday, February 28, 2024 4:23 AM IST
കൊച്ചി: ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് മൂന്നിന് രാവിലെ 10.30 നു മുളവുകാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനല്‍ നിര്‍വഹിക്കും. മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബര്‍ അധ്യക്ഷത വഹിക്കും.
ജില്ലയില്‍ അഞ്ചു വയസിനു താഴെയുള്ള 2,03,803 കുട്ടികള്‍ക്കാണ് പള്‍സ് പോളിയോ ദിനത്തില്‍ പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. ആകെ 1915 പള്‍സ് പോളിയോ ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ (സബ് സെന്ററുകള്‍) എന്നിവിടങ്ങളിലായി 1787 ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബോട്ട് ജെട്ടികള്‍, എയര്‍പോര്‍ട്ട് തുടങ്ങി ആളുകള്‍ വന്നുപോകുന്ന 43 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും പ്രവര്‍ത്തിക്കും. ആളുകള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായി 83 മൊബൈല്‍ ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ മേളകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ രണ്ട് അധിക ബൂത്തുകള്‍ കൂടി ഉണ്ടാകും. മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് നല്കാന് സാധിക്കാത്തവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ വീടുകളിലെത്തി വാക്സിന് നല്‍കും.