ടോയ്ലറ്റ് ബ്ലോക്ക് അടച്ചുപൂട്ടി : ആലുവ മത്സ്യമാർക്കറ്റ് കെട്ടിടം ഇടിഞ്ഞു വീഴാറായ നിലയിൽ
1575615
Monday, July 14, 2025 4:49 AM IST
ആലുവ: ആലുവ നഗരത്തിലെ മത്സ്യ മാർക്കറ്റിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടിട്ടും നഗരസഭ അവഗണിക്കുന്നതായി പരാതി. പച്ചമത്സ്യം, ഉണക്കമീൻ, മാംസം തുടങ്ങിയവ വില്പന നടത്തുന്ന 25 ഓളം കടകളാണ് വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
ദിവസേന നൂറു കണക്കിന് ജനങ്ങളാണ് ഇവിടെ വിവിധ ആവശ്യങ്ങൾക്കായി വരുന്നത്. ചെളിക്കെട്ട് ചാടിക്കടന്നു വേണം ഇവിടേയ്ക്ക് വരാൻ. കെട്ടിടം വൃത്തിയാക്കി സൂക്ഷിക്കാൻ ആരോഗ്യ വിഭാഗവും താത്പര്യം എടുക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.
കടയുടമകളും തൊഴിലാളികളും അടക്കം എഴുപത്തഞ്ചോളം പേർ ഇവിടെ പണിയെടുക്കുന്നുണ്ട്. കൂടാതെ വ്യാപാര സാധനങ്ങൾ കൊണ്ടുവരുന്ന വണ്ടികളിലെ തൊഴിലാളികൾ വേറെ. ഇവിടെ പ്രാഥമിക ആവശ്യങ്ങൾക്ക് ടോയ്ലറ്റ് പോലുമില്ലാത്ത സ്ഥിതിയാണ്.
50 കോടി രൂപ മുടക്കി നിർമിക്കുന്ന ഹൈടെക്ക് മാർക്കറ്റ് ഉയരുന്നത് മത്സ്യ മാർക്കറ്റിന് സമീപമാണ്. ഇതിനുള്ള നിർമാണ സാമഗ്രികൾ വയ്ക്കാനായി ഇവിടെയുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചപ്പോൾ ടോയ് ലറ്റ് ബ്ലോക്കും ഇല്ലാതായി.
പകരം സംവിധാനമൊരുക്കിയിട്ടുമില്ല. കെട്ടിടത്തിനുള്ളിലുള്ള ടോയ്ലറ്റ് ഉപയോഗ ശൂന്യമായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്നു എന്ന ബോർഡ് വച്ചതല്ലാതെ നഗരസഭ തിരിഞ്ഞു നോക്കിയിട്ടില്ല എന്നാണ് വ്യാപാരികൾ പരാതിപ്പെടുന്നത്.
പുതിയ കെട്ടിട നിർമാണം പൂർത്തിയാകാൻ മൂന്ന് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. അത് വരെ ചെളിക്കെട്ടിൽ കച്ചവടം നടത്തണമോയെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്.
മാർക്കറ്റിന് പുറത്ത് അനധികൃതമായി നടക്കുന്ന മത്സ്യ വിൽപ്പന മൂലം മാർക്കറ്റിലെ വ്യാപാരികൾക്ക് കനത്ത നഷ്ടമാണ് ഉണ്ടാകുന്നത്. നഗരസഭയ്ക്ക് ആകെ വാടക ലഭിക്കുന്നത്.
മത്സ്യമാർക്കറ്റിലെ വ്യാപാരികളിൽ നിന്നാണ്. പക്ഷെ അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കുന്നതിൽ നഗരസഭാ തികഞ്ഞ പരാജയമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.