എന്റെ നാട് കൂട്ടായ്മ സംസ്ഥാനത്തെ ഒന്നാം നമ്പര്‍ പ്രസ്ഥാനം: സി.പി.ജോണ്‍
1575232
Sunday, July 13, 2025 4:33 AM IST
കോതമംഗലം: കാഴ്ചയില്‍ പതിയുന്ന വന്‍ വികസനപദ്ധതികളേക്കാള് അദൃശ്യരും അവശരുമായ മനുഷ്യരുടെ ജീവിതങ്ങളില്‍ തൊടുന്ന പദ്ധതികളാണ് എന്റെ നാട് ജനകീയ കൂട്ടായ്മയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നതെന്ന് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് മുന്‍ മെമ്പര്‍ സെക്രട്ടറി സി.പി.ജോണ്‍. പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന എന്റെ നാട് ജനകീയ കൂട്ടായ്മയുടെ സോഷ്യല്‍ ഓഡിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
5000 കിടപ്പുരോഗികളെ പിന്തുണയ്ക്കുകയും 60 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ നല്‍കുകയും പാവപ്പെട്ടവരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും കര്‍ഷകരെ സഹായിക്കുകയും ചെയ്യുന്ന എന്റെ നാട് കൂട്ടായ്മ സംസ്ഥാനത്തെ തന്നെ ഒന്നാം നമ്പര്‍ പ്രസ്ഥാനമാണെന്നും സി.പി. ജോണ്‍ പറഞ്ഞു. എന്റെ നാട് ചെയര്മാന് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു.
ഒരു മാസം നീളുന്ന സോഷ്യല്‍ ഓഡിറ്റിന് നേതൃത്വം കൊടുക്കുന്നത് തൃക്കാക്കര ഭാരതമാതാ കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗമാണ്. എന്റെ നാട് നടപ്പാക്കുന്ന പദ്ധതികള്‍, ഗുണഭോക്താക്കള്‍, സ്വാധീനം, ഫലപ്രാപ്തി എന്നിവ ശാസ്ത്രീയമായി തിട്ടപ്പെടുത്തുകയാണ് സോഷ്യല്‍ ഓഡിറ്റിന്റെ ലക്ഷ്യമെന്ന് ചെയര്മാന് പറഞ്ഞു.