അഞ്ച് മിനിട്ടില്‍ മൂന്ന് ഒടിപി : ബാങ്ക് അക്കൗണ്ടില്‍നിന്ന് നഷ്ടമായത് നാലു ലക്ഷം
1575224
Sunday, July 13, 2025 4:33 AM IST
കൊച്ചി: അഞ്ചു മിനിട്ടിനുള്ളില്‍ മൂന്ന് ഒടിപി സന്ദേശങ്ങള്‍, എന്തെങ്കിലും ചെയ്യും മുമ്പേ ബാങ്ക് അക്കൗണ്ടില്‍നിന്ന് നഷ്ടമായത് 4,00,000 രൂപ. നെടുമ്പാശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കാംകോ ജീവനക്കാരൻ കോഴിക്കോട് കൊടുവള്ളി സ്വദേശി പി.പി. ജലീലിനാണ് പണം നഷ്ടമായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ആയിരുന്നു സംഭവം. സ്ക്രീന്‍ ഷെയറിംഗ് കൈക്കലാക്കുന്ന എപികെ ഫയല്‍ മെസേജായി കൈമാറിയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ആലുവ റൂറല്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഫോണില്‍ തനിയെ ഇൻസ്റ്റാള്‍ ചെയ്യപ്പെട്ട ബാങ്കിന്റെ വ്യാജ ആപ് വഴി വെള്ളിയാഴ്ച ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കാന്‍ ജലീല്‍ ശ്രമിച്ചിരുന്നു. പിന്നാലെ 1.90 ലക്ഷം രൂപയും ഇതിന് ശേഷം 2.10 ലക്ഷവും ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തിയെന്ന സന്ദേശമാണ് ഫോണിലേക്ക് എത്തിയത്. അക്കൗണ്ട് പരിശോധിച്ചതോടെ പണം നഷ്ടപ്പെട്ടെന്ന് കണ്ടെത്തി.
ഇതോടെ ആലുവ സൈബര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. ഭാര്യയുടെ പ്രസവത്തിനും വീടുപണിക്കുമായി പിഎഫില്‍നിന്നു ലോണ്‍ എടുത്ത പണമാണ് നഷ്ടപ്പെട്ടതെന്ന് ജലീല്‍ പറഞ്ഞു.
ഏഴുലക്ഷത്തോളം രൂപയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ഏതാനും ദിവസം മുമ്പ് വീടുപണിക്കായി കുറച്ചുതുക പിന്‍വലിച്ചു. സഹോദരി കൈമാറിയ ഒരു ലക്ഷം രൂപയടക്കം നാലുലക്ഷമാണ് അക്കൗണ്ടില്‍ ശേഷിച്ചിരുന്നത്.