അയ്യങ്കാവിൽ വാഹനങ്ങളുടെ കൂട്ടയിടി
1575608
Monday, July 14, 2025 4:29 AM IST
കോതമംഗലം: ദേശീയ പാതയില്‍ അയ്യങ്കാവ് ഗവ.സ്കൂളിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി. അഞ്ച് വാഹനങ്ങളുടെ കൂട്ടയിടിയില്‍ ആറ് പേര്‍ക്ക് പരിക്ക്. നേര്യമംഗലം ഭാഗത്തനിന്നുവന്ന ഇന്നോവ കാറാണ് മറ്റ് വാഹനത്തില്‍ ഇടിച്ചത്.
ഇന്നലെ വൈകുന്നേരം നാലിനായിരുന്നു അപകടം. പരിക്കേറ്റവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തലക്കോട് പീടികക്കുടിയില്‍ പി.കെ. അഷറഫ് (46), ഊന്നുകല്‍ കീടത്തുംകുടി നസീര്‍ ഹമീദ് (44), ഊന്നുകല്‍ കീടത്തുംകുടി സഫിയ (40) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.
മറ്റുള്ളവര്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടങ്ങി. കോതമംഗലത്തേക്ക് വരികയായിരുന്ന ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍നിന്നുവന്ന കാറില്‍ ഇടിച്ചശേഷം ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഉയര്‍ന്ന് പൊങ്ങിയ ഓട്ടോറിക്ഷയുമായി കാര്‍ കടയിലേക്ക് ഇടിച്ചുകയറി. ആദ്യം ഇടിച്ച കാറിലേക്ക് സ്കൂട്ടറും ബൈക്കും ഇടിച്ച് വാഹനങ്ങള്‍ മറിഞ്ഞു. ഇരുചക്ര വാഹനം ഓടിച്ചവര്‍ റോഡിലേക്ക് തെറിച്ച് വീണു. ഒരു ഓട്ടോറിക്ഷയും രണ്ട് ഇരുചക്ര വാഹനങ്ങളും രണ്ട് കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്.
ഓട്ടോയുമായി കാര്‍ ഇടിച്ചുകയറി വ്യാപാര സ്ഥാപനത്തിന്റെ മുന്‍വശം തകര്‍ന്നു. കടയുടെ മുന്‍ഭാഗത്ത് ഉറപ്പിച്ചിരുന്ന ഗ്രില്ലുകളും സാധനസാമഗ്രികളും നശിച്ചു. മൂവാറ്റുപുഴ സ്വദേശിയുടേതാണ് ഇന്നോവ കാർ. അടിമാലി ഭാഗത്ത് പോയി മടങ്ങുകയായിരുന്നു.