പണം അടിച്ചു പോകാതിരിക്കാന്‍ ജാഗ്രത കുറച്ചൊന്നും പോരാ...
1575591
Monday, July 14, 2025 4:14 AM IST
കൊച്ചി: ജില്ലയില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ വര്‍ധിക്കുന്നു. വാട്സ്ആപ് മുഖേന ഗായികയ്ക്ക് കഴിഞ്ഞ മാസം 45,000 രൂപ നഷ്ടമായതിന് പിന്നാലെയാണ് ജില്ലയില്‍ കാംകോ ജീവനക്കാരനില്‍ നിന്നും നാല് ലക്ഷത്തോളം രൂപ വെള്ളിയാഴ്ച നഷ്ടമായത്. ബാങ്കിന്റെ വ്യാജ ആപ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
കാഴ്ചയിലും സൗകര്യങ്ങളിലും ബാങ്കിന്റെ ആപ് എന്ന് തോന്നിക്കുന്ന വ്യാജനും പണം തട്ടാന്‍ രംഗത്തിറങ്ങിയതോടെ ഓണ്‍ലൈന്‍ പണമിടപാടുകളില്‍ പൊതുജനം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്കുന്നു.
ഡെയ്ഞ്ചര്‍ എപികെ
ബാങ്കിന്റെയും വിവിധ സ്ഥാപനങ്ങളുടെയും പേരില്‍ ഫോണിലേക്ക് എത്തുന്ന മെസേജുകളിലെ ലിങ്കുകളാണ് ഭൂരിഭാഗം തട്ടിപ്പുകള്‍ക്ക് പിന്നിലും. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഒരു ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ് (എപികെ) തനിയെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഇത് യഥാർഥ ആപ്പുകളുടെ വ്യാജനായിരിക്കും.
ഈ ആപ് ഓപ്പണ്‍ ചെയ്യുന്നതോടെ ഫോണിന്റെ സ്ക്രീന്‍, തട്ടിപ്പുകാര്‍ക്ക് കാണാവുന്ന രീതിയില്‍ കൈമാറും. ഇതോടെ ഫോണ്‍ അവരുടെ നിയന്ത്രണത്തിലാകും. ബാങ്ക് അക്കൗണ്ടും മറ്റ് വിവരങ്ങളും ഇതിലൂടെ അനായാസം കൈക്കലാക്കാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കും. ഒടിപി സന്ദേശങ്ങളും മറ്റും ഡിലീറ്റ് ചെയ്യുന്നതിനാല്‍ പണം നഷ്ടപ്പെട്ടുവെന്ന് ഉടന്‍ തിരിച്ചറിയാന്‍ സാധിക്കില്ല.
തട്ടിപ്പുകള്‍ പലവിധം
ബാങ്കുകള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ ഉപഭോക്താക്കളോട് കെവൈസി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. ഇതിന്റെ മറവില്‍ പലപ്പോഴും വ്യാജ ലിങ്കുകള്‍ അയച്ച് പണം തട്ടുന്നത് തട്ടിപ്പ് സംഘങ്ങളാണ്. കെവൈസി അപ്ഡേറ്റ് ചെയ്യാന്‍ ബാങ്കുകളില്‍ നേരിട്ടു പോകാം.
അല്ലെങ്കില്‍ ഔദ്യോഗിക വെബ്സൈറ്റോ ആപ്പോ മാത്രം ഉപയോഗിക്കുക.
കറന്റ് ബില്ല്, ഗതാഗത നിയമലംഘനത്തിന് പിഴ, തുടങ്ങിയവ ഒടുക്കുന്നതിന് ലിങ്കില്‍ ക്ലിക്ക് ചെയ്യൂ എന്ന സന്ദേശവും തട്ടിപ്പാണ്. അധികമായി സാമ്പത്തിക ഇടപാട് നടത്തുന്ന (ആദായനികുതി അടയ്ക്കുന്ന) ആളുകളെ ലക്ഷ്യമിട്ട് ഐടി റീഫണ്ട് ചെയ്യാന്‍ സഹായിക്കാമെന്ന തരത്തിലെത്തുന്ന ഭൂരിഭാഗം സന്ദേശങ്ങളും വ്യാജമാണ്.
ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കുകയും എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ബന്ധപ്പെട്ട ബാങ്കുകളുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്യുക. മറ്റൊന്ന് ബാങ്കിന്റെ ബംപര്‍ സമ്മാനം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. തുക ലഭിക്കുന്നതിന് ലിങ്ക് ഉപയോഗിക്കൂ എന്ന് പറഞ്ഞെത്തുന്ന സന്ദേശമാണ്.
ഒരു ബാങ്കും രാജ്യത്തെ ഒരു പൗരനും സൗജന്യമായി പണം നല്‍കില്ലെന്ന് ഓര്‍ക്കുക. ബന്ധുക്കളടക്കം വാട്സ്ആപ്പില്‍ പണം ചോദിച്ചാലും വിളിച്ച് ഉറപ്പുവരുത്തിയശേഷം മാത്രം കൈമാറുക. അസ്വാഭാവികമായി വാട്സ്ആപ്പിലും ഫോണിലും മെസേജ് ആയി ലഭിക്കുന്ന ഒടിപികൾ ഷെയര്‍ ചെയ്യാതിരിക്കാനും ലിങ്കുകളില്‍ പ്രവേശിക്കാതിരിക്കാനും ശ്രദ്ധിക്കണം.
അഥവാ ഇരയായാൽ
ഓണ്‍ലൈന്‍ സാമ്പത്തികതട്ടിപ്പിന് ഇരയായാല്‍ '1930' എന്ന നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ചെയ്യണം. ഒരു മണിക്കൂറിനകം പരാതി നല്‍കുന്നതാണ് ഏറ്റവും ഗുണകരമാവുക. cybercrime.gov.in എന്ന വെബ് സൈറ്റിലൂടെയും പരാതി രജിസ്റ്റര്‍ചെയ്യാം.