മണൽത്തിട്ടയിൽ കുടുങ്ങിയ ബാർജ് നീക്കി
1575599
Monday, July 14, 2025 4:29 AM IST
മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി കടൽ തീരത്ത് മണൽത്തിട്ടയിൽ കുടുങ്ങിയ ബാർജ് ഇന്നലെ വൈകുന്നേരം ടഗ് ബോട്ടുകൾ ഉപയോഗിച്ച് നീക്കി. എൻജിൻ തകരാറിനെ തുടർന്ന് കൊച്ചി അഴിമുഖത്ത് ഒഴുകിയ സ്വകാര്യ കമ്പനിയുടെ ഡുൾ- ഡുൾ 5 എന്ന ബാർജാണ് ശനിയാഴ്ച രാവിലെ എട്ടോടെ ഫോർട്ടുകൊച്ചി കൊച്ചിൻ ക്ലബിന് പടിഞ്ഞാറായി മണൽത്തിട്ടയിൽ കുടുങ്ങിയത്.
അന്നു തന്നെ ബാർജ് നീക്കുന്നതിനുള്ള ശ്രമം ടഗ് ബോട്ടുകൾ ഉപയോഗിച്ച് നടത്തിയെങ്കിലും വിഫലമായിരുന്നു. ഇന്നലെ രണ്ട് ടഗ് ബോട്ടുകൾ ഒരുമിച്ച് ബാർജ് വലിച്ചുനീക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ടഗ് ബോട്ട് മണൽത്തിട്ടയിൽ കുടുങ്ങി. തുടർന്ന് അടുത്ത ടഗ് ബോട്ട് ഉപയോഗിച്ച് വലിച്ച് നീക്കുകയായിരുന്നു.
ഈ രണ്ടു ടഗ് ബോട്ടുകളും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് ഇന്നലെ വൈകുന്നേരത്തോടെ മണൽത്തിട്ടയിൽനിന്ന് ബാർജ് നീക്കാനായത്.