കരവട്ടെ വാളകത്ത് ദീർഘദൂര ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: ഐഎൻടിയുസി
1575610
Monday, July 14, 2025 4:49 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ-എറണാകുളം ദേശസാത്കൃത റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ദീർഘദൂര ബസുകൾക്ക് കരവട്ടെ വാളകത്ത് സ്റ്റോപ്പ് ഇല്ലാത്തതിനാൽ യാത്രികർ വലയുകയാണ്.കൊച്ചി-ധനുഷ്കോടി ദേശീയ പാതകൂടിയായ ഈ റൂട്ടിൽ പൊതുഗതാഗതത്തെ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് കെഎസ്ആർടിസി ബസുകളെയാണ്.
ദീർഘദൂര ബസുകളെ ആശ്രയിക്കുന്നവരും മറ്റ് ജില്ലകളിൽ ജോലിക്ക് പോകുന്നവരും കരവട്ടെ വാളകത്ത് സ്റ്റോപ്പ് ഇല്ലാത്തതുമൂലം ദുരിതം അനുഭവിക്കുകയാണ്. കരവട്ടെ വാളകത്ത് കെഎസ്ആർട്ടിസി ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി വാളകം മണ്ഡലം പ്രസിഡന്റ് ജിജോ പാപ്പാലിൽ ഗതാഗത മന്ത്രിക്ക് പരാതി നൽകി.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം വാർഡ് ഗ്രാമസഭയിലും ഈ വിഷയം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ഗ്രാമസഭ പ്രമേയം പാസാക്കുകയും വിഷയത്തിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിച്ച് സ്റ്റോപ്പ് അനുവദിച്ച് കിട്ടാൻ നടപടി സ്വീകരിക്കുമെന്ന് ഗ്രാമസഭ അധ്യക്ഷൻ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഏബ്രഹാം ഉറപ്പ് നൽകുകയും ചെയ്തു.