വരുന്നു... നഗരത്തില്‍ അഞ്ചിടങ്ങളില്‍ റെസ്റ്റോ കഫേകള്‍
1575596
Monday, July 14, 2025 4:14 AM IST
കൊച്ചി: വിദേശ രാജ്യങ്ങളിലേതുപോലെ -അത്യാധുനിക ശൗചാലയത്തോടൊപ്പം റെസ്റ്ററന്റ്- പദ്ധതിയായ റെസ്റ്റോ കഫേ നഗരത്തില്‍ അഞ്ചിടങ്ങളില്‍ സ്ഥാപിക്കാൻ തീരുമാനമായി. ഫോര്‍ട്ട്കൊച്ചി ബീച്ചിനോട് ചേര്‍ന്നും ആളുകള്‍ കൂടുതലായി വന്നുപോകുന്ന നഗരത്തിലെ മറ്റ് നാലിടങ്ങളിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുക.
പദ്ധതിയുടെ നടത്തിപ്പുകാരായ അര്‍ബന്‍ സൊല്യൂഷന്‍സ് കമ്പനി ഇതിനായി 30ഓളം സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് അഞ്ച് സ്ഥലങ്ങള്‍ കോര്പറേഷന് നിശ്ചയിക്കും. പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ റസ്റ്റോ കഫേകള്‍ സ്ഥാപിക്കാനാണ് ധാരണ.
റെസ്റ്ററന്റും ഫുഡ്കോര്‍ട്ടും ഉള്‍പ്പടെയുള്ള 25 ആധുനിക ശൗചാലയങ്ങള്‍ ബിഒടി മാതൃകയില്‍ നിര്‍മിക്കുന്ന പദ്ധതിയാണ് അര്‍ബന്‍ സൊല്യൂഷന്‍സ് എന്ന സ്ഥാപനം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. ഇതിനായി നഗരത്തിന്റെ കണ്ണായ സ്ഥലത്തുള്ള 75 സെന്റ് ഭൂമി സൗജന്യമായി സ്ഥാപനത്തിന് കൈമാറണം.
ഇവിടെ സ്ഥാപനം റെസ്റ്റോ കഫേ ആശയത്തില്‍ ടോയ്ലറ്റ് സമുച്ചയം നിര്‍മിക്കും. താഴത്തെ നിലയിലാകും ശൗചാലയം. ഭിന്നശേഷി സൗഹൃദമായിരിക്കും. മുകളിലെ നിലയില്‍ ശീതീകരിച്ച റസ്റ്ററന്റും ആളുകള്‍ക്ക് ഇരിക്കാനുള്ള ഓപ്പണ്‍ സ്പേസും ഉണ്ടാകും.
മൂന്ന് കാറ്റഗറിയില്‍ നിര്‍മിക്കുന്ന റെസ്റ്റോ കഫേയുടെ പ്രീമിയം വിഭാഗത്തിലുള്ള സമുച്ചയത്തില്‍ ശീതീകരിച്ച ശൗചാലത്തിന് പുറമേ മുകളിലെ നിലയില്‍ എസി റെസ്റ്ററന്റ്, ഓപ്പണ്‍ എയര്‍ സ്പേസ്, താഴത്തെ നിലയില്‍ ഫുഡ് കിയോസ്ക് എന്നിവയുണ്ടാകും. ബി കാറ്റഗറിയില്‍ എസി റെസ്റ്ററന്റിന് വലുപ്പം കുറവായിരിക്കും. സി കാറ്റഗറിയില്‍ ഒറ്റ നില മാത്രമേ ഉണ്ടാകുകയുള്ളു. റെസ്റ്ററന്റും ഓപ്പണ്‍ സ്പേസും ഇല്ല.
20 കോടിയാണ് എസ്റ്റിമേറ്റ്. ശൗചാലയം ഉപയോഗിക്കാന്‍ നഗരസഭ നിശ്ചയിച്ചിട്ടുള്ള നിരക്ക് ഈടാക്കും. 20 വര്‍ഷത്തിന് ശേഷം നഗരസഭയ്ക്ക് കൈമാറും വിധമാണ് കരാര്‍. നഗരസഭാ സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതിയുടെ ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.