രാസലഹരിയുമായി യുവാക്കൾ പിടിയിൽ
1575602
Monday, July 14, 2025 4:29 AM IST
കിഴക്കന്പലം: 46 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ. സൗത്ത് വാഴക്കുളം മണ്ണൂപ്പറമ്പൻ മുഹമ്മദ് അസ്ലം(25), പെരുമ്പാവൂർ ചെമ്പരത്തുകുന്ന് തെക്കേ വടയത്ത് അജ്മൽ(25) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വാഴക്കുളത്തെ വീട്ടിൽനിന്നാണ് രാസലഹരി കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്.
യുവാക്കളെ കേന്ദ്രീകരിച്ച് ചെറിയ പായ്ക്കറ്റുകളിലാക്കിയായിരുന്നു വില്പന. രാസലഹരി നിറക്കാനുള്ള സിപ്പ് ലോക്ക് കവറുകളും ഇവിടെനിന്ന് കണ്ടെടുത്തു. ജില്ലയിലെ രാസലഹരി വില്പന ശൃംഖലയിലെ കണ്ണികളാണിവർ.
കുറച്ചുനാളുകളായി നിരീക്ഷണത്തിലായിരുന്നു. വീടിനകത്ത് അലമാരിയിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. മുഹമ്മദ് അസ്ലം അഞ്ച് കേസുകളിലും, അജ്മൽ രണ്ട് മയക്കുമരുന്ന് കേസുകളിലും പ്രതികളാണ്.