മഴയും വെള്ളക്കെട്ടും: പറവൂരിൽ വാഴ കർഷകർ ദുരിതത്തിൽ
1575245
Sunday, July 13, 2025 5:15 AM IST
പറവൂർ: പെരിയാർ തീരത്തെ വാഴ കർഷകർ ദുരിതത്തിൽ. തുടർന്നുകൊണ്ടിരിക്കുന്ന ശക്തമായ മഴയും വെള്ളക്കെട്ടും മൂലം പെരിയാറിന്റെ തീരപ്രദേശങ്ങളിൽ കൃഷി ചെയ്തിട്ടുള്ള ഏത്തവാഴകൾ തണ്ട് ചീഞ്ഞ് ഒടിഞ്ഞ് കൊണ്ടിരിക്കുകയാണ്.
പകുതി പോലും മൂപ്പെത്താത്ത ഏത്ത വാഴകളാണ് ഒടിഞ്ഞ് വീണു കൊണ്ടിരിക്കുന്നത്. പുത്തൻവേലിക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പെരിയാറിന്റേയും, ചാലക്കുടിയാറിന്റേയും സംഗമ തീരപ്രദേശത്ത് കൃഷി ചെയ്തിട്ടുള്ള വാഴ കർഷകർ തീരാദുരിതത്തിലാണ്.
കഴിഞ്ഞ സീസണിൽ ഓണ വിപണി ലക്ഷ്യം വച്ച് കൃഷി ചെയ്തവർക്ക് നല്ല കുലകൾ ലഭിച്ചെങ്കിലും മാർക്കറ്റിൽ വൻ തോതിലുണ്ടായ വിലയിടിവ് കാരണം കൃഷി നടത്തിലായിരുന്നു.
മുൻവർഷം കൃഷിക്കായി ബാങ്കിൽ നിന്നെടുത്ത ലോൺതുക കുടിശികയാണ്.ബാങ്ക് ലോൺ പുതുക്കി വച്ച് ലോൺ എടുത്ത് വളരെ പ്രതീക്ഷയോടെ കൃഷി ചെയ്ത വാഴ കർഷകരെ ഈ പ്രാവശ്യം ചതിച്ചത് പ്രകൃതിക്ഷോഭമാണ്. തുടർച്ചയായമഴയും വെള്ളക്കെട്ടും മൂലം വാഴകൾ വളർച്ച മുരടിച്ച് മരവിച്ച അവസ്ഥയിലാണ്.
തേലത്തുതുത്തിൽ ഡോ. ബി.ആർ. അംബേദ്ക്ർ സ്വാശ്രയ സംഘം വാഴ കർഷകൻ പി.കെ.ശശിയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയ 400-ഓളം ആറ്റ്നേന്ത്രൻ ഏത്തവാഴകളാണ് വെള്ളക്കെട്ടിൽ നശിച്ചു കൊണ്ടിരിക്കുന്നത് .
ഇപ്പോൾ ഏത്തക്കായ്ക്ക് മാർക്കറ്റിൽ മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. ഈ സന്ദർഭത്തിലാണ് പകുതി പോലും മൂപ്പെത്താത്ത വാഴകൾ ഓരോ ദിവസവും കുഞ്ചൊടിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്. തീരദേശങ്ങളിൽ വാഴകൃഷി ചെയ്ത് ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കാൻ കൃഷി വകുപ്പ് തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം.