പൈനാപ്പിളിന് വില ഇടിയുന്നു; പച്ചയ്ക്ക് പകുതിയായി വില
1575231
Sunday, July 13, 2025 4:33 AM IST
വാഴക്കുളം: പൈനാപ്പിളിന്റെ റിക്കാർഡ് വില ഒരു മാസത്തിനുള്ളിൽ കുറഞ്ഞു. എ ഗ്രേഡ് പച്ച കിലോയ്ക്ക് 28, പഴത്തിന് 45 നിരക്കിലാണ് ഇന്നലെ വാഴക്കുളത്ത് പൈനാപ്പിൾ വിപണനം നടന്നത്. ഒരു മാസം മുന്പ് പച്ച 60നും പഴം 40നുമാണ് വിപണനം നടത്തിയത്.
പഴുത്ത പൈനാപ്പിൾ കഴിഞ്ഞ മാസം ഒടുവിൽ 55 രൂപ നിരക്കിലും വിപണനം നടത്തിയിരുന്നു. പത്തു ദിവസത്തിനുള്ളിൽ ശരാശരി 15 രൂപയോളമാണ് വിലയിടിഞ്ഞത്. ഒരാഴ്ച മുന്പ് പച്ച പൈനാപ്പിളിന്റെ വില 44 ആയിരുന്നതാണ് ഇന്നലെ 28 ആയത്. പഴത്തിന്റെ വില 55ൽ നിന്ന് 45ലേക്കും ദിവസേനയായി താഴുകയായിരുന്നു.
അപ്രതീക്ഷിതമായ മഴക്കൂടുതലും ഉത്പാദന കൂടുതലുമാണ് ഇപ്പോൾ വിപണിയെ ബാധിക്കുന്നത്. മഴയും തണുപ്പുമായതോടെ പഴുത്ത പൈനാപ്പിളിന്റെ ഉപയോഗം പൊതുവേ കുറഞ്ഞിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ മഴ മൂലം വിപണി സജീവമല്ലാത്ത സാഹചര്യവുമാണ്. ഏതാനും ദിവസങ്ങളായി വിലയിൽ വലിയ ചാഞ്ചാട്ടമുണ്ടാകുന്നതിനാൽ പൈനാപ്പിൾ കർഷകരും ബുദ്ധിമുട്ടിലാണ്.
സ്വർണ വില ദിവസേന മാറുന്ന പോലെ കാർഷിക വിളകൾക്കുണ്ടാകുന്ന വില വ്യതിയാനം മേഖലയിൽ കനത്ത പ്രത്യാഘാതമുണ്ടാക്കും. ശരാശരി 35 രൂപയോളം ഉത്പാദന ചെലവുള്ള പൈനാപ്പിളിന്റെ വിളവെടുപ്പ് ഏതാനും ദിവസങ്ങൾ മാറിയാൽ താങ്ങാനാവാത്ത നഷ്ടമുണ്ടാക്കുന്ന വില വ്യതിയാനമാണിതെന്ന് കർഷകർ പറയുന്നു.