ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം : 24 ദിവസമായി മോർച്ചറിയിൽ
1575597
Monday, July 14, 2025 4:14 AM IST
പോലീസ് അനാസ്ഥയ്ക്കെതിരേ മനുഷ്യാവകാശ കമ്മീഷനിൽ പരാതി
കൊച്ചി: അപകടത്തിൽ പരിക്കേറ്റ് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം 24 ദിവസമായി മോർച്ചറിയിൽ. പോലീസ് അനാസ്ഥയ്ക്കെതിരേ ജനകീയ അന്വേഷണ സമിതി കൺവീനർ ടി.എൻ. പ്രതാപൻ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.
ഹിൽപാലസ് സ്റ്റേഷന് സമീപം അവശനിലയിൽ റോഡിൽ കിടന്നയാളെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു. എന്നാൽ തുടർ നടപടികളൊന്നും കൈക്കൊള്ളാൻ പോലീസ് തയാറായില്ലെന്നാണ് ആക്ഷേപം. ഉന്നതതല അന്വേഷണം ആരംഭിച്ചതോടെ ശനിയാഴ്ച കേസെടുത്തു.
സംഭവം വിവാദമായതോടെ ജൂലൈ 12ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ സംബന്ധിച്ചും ആക്ഷേപമുയരുന്നുണ്ട്. ജൂൺ 19ന് പുലർച്ചെ നടന്ന അപകട വിവരവും അന്നുതന്നെ സംഭവിച്ച മരണവും സ്റ്റേഷനിൽ അറിഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നത് ജൂലൈ 12 നാണ്.
അവശനിലയിൽ കിടന്ന ഇതരസംസ്ഥാന തൊഴിലാളിയെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമായിരുന്നതിനാൽ താലൂക്കാശുപത്രിയിൽ നിന്നും കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്നും ഈ വിവരം താലൂക്കാശുപത്രി അധികൃതർ ഹിൽപാലസ് സ്റ്റേഷനിൽ അറിയിച്ചതായും പറയുന്നു.
ജൂൺ 19ന് ഇയാൾ മരിച്ചതിനെ തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് ലഭിച്ച ഇന്റിമേഷനിൽ നടപടിയാകാതിരുന്നതോടെ 27ന് മെഡിക്കൽ കോളജിൽ നിന്ന് രേഖാമൂലം, തിരിച്ചറിയാത്ത മൃതദേഹം ഇവിടെയുണ്ടെന്നു ചൂണ്ടിക്കാട്ടി കത്ത് നൽകി. എന്നിട്ടും തുടർ നടപടികൾ സ്വീകരിക്കുന്നതിൽ ഹിൽപാലസ് എസ്ഐ അനില വീഴ്ച വരുത്തിയതായാണ് ആരോപണം.
പോലീസിന്റെ ഭാഗത്തുനിന്ന് പ്രതികരണമില്ലാതെ വന്നപ്പോൾ മൃതദേഹം അനാട്ടമി വിഭാഗത്തിലേക്ക് മെഡിക്കൽ കോളജ് അധികൃതർ മാറ്റി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടം നടപടികളും അടുത്ത ദിവസം പൂർത്തീകരിക്കുമെന്നും തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.എസ്. ഷിജു പറഞ്ഞു.