അപകടം പതിയിരിക്കുന്ന നാഗമ്പടം: മേല്‍പ്പാലവും പ്രവേശനപാതയും ചേരുന്നിടം താഴുന്നു
1544394
Tuesday, April 22, 2025 5:29 AM IST
കോട്ടയം: നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിന്റെ ഇരുവശങ്ങളിലും പ്രവേശന പാതകള്‍ പ്രധാന പാലവുമായി ചേരുന്ന ഭാഗം താഴ്ന്നതോടെ അപകടസാധ്യതയേറി. റോഡ് പാലവുമായി ചേരുന്ന ഭാഗം അല്പം താഴ്ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവ തമ്മില്‍ ചേരുന്നിടത്തു വലിയ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്.
മേല്‍പ്പാലത്തിന്റെ നിര്‍മാണം നടന്ന ഘട്ടത്തില്‍തന്നെ മേല്‍പ്പാലവും പ്രവേശന പാതയും തമ്മില്‍ ഉയരത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായിരുന്നു. ഇത് ശാസ്ത്രീയമായി പരിഹരിക്കാതെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പിന്നീട് കുറച്ചു കഴിഞ്ഞപ്പോള്‍ പാലവും റോഡും ചേരുന്നിടത്ത് വിള്ളലുകള്‍ രൂപപ്പെട്ടപ്പോള്‍ ടാറിംഗ് നടത്തി ലെവലാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും റോഡും പാലവും ചേരുന്നിടം താഴ്ന്നു വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുകയാണ്.
ഇരുചക്രവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അപകടസാധ്യതയേറെയാണ്. ദിവസവും ആയിരക്കണക്കിനു വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന പ്രകമ്പനമാണ് കോണ്‍ക്രീറ്റ് സ്ലാബുകള്‍ തമ്മില്‍ അകലാന്‍ കാരണമെന്നു പറയുന്നു. മേല്‍പ്പാലത്തിന്റെ ചുമതല റെയില്‍വേക്കും അപ്രോച്ച് റോഡിന്റേത് പൊതുമരാമത്ത് നിരത്തു വിഭാഗത്തിനുമാണ്. റെയില്‍വേ- പൊതുമരാമത്ത് അധികൃതർ സംയുക്തമായി പാലം സന്ദര്‍ശിക്കുകയും റോഡും പാലവും ചേരുന്ന ഭാഗത്തെ വിടവ് കോണ്‍ക്രീറ്റിംഗും ടാറിംഗും നടത്തി ലെവലാക്കണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.
നടപ്പാതയും തകര്‍ന്നു
മേല്‍പ്പാലത്തിനോടു ചേര്‍ന്നുള്ള നടപ്പാതയിലും ദുരിത യാത്രയാണ്. ഇരുവശങ്ങളിലുമുള്ള നടപ്പാതയിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇളകിമാറിയ നിലയിലാണ്. നടക്കുമ്പോള്‍ ഇവ തെന്നിമാറുന്നതും ഭയാനക ശബ്ദം ഉണ്ടാകുന്നതും പതിവാണ്. ഇതുമൂലം നടപ്പാത ഉപേക്ഷിച്ച് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന റോഡിലൂടെയാണു കാല്‍നടയാത്രികര്‍ നടക്കുന്നത്. ഇത് അപകടങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. ഏറ്റവും തിരക്കേറിയ മേല്‍പ്പാലം നടപ്പാതയിലെ അപര്യാപ്തകളും പരിഹരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കോട്ടയം നാഗമ്പടം മേല്‍പ്പാലവും പ്രവേശനപാതയും ചേരുന്നിടത്ത് രൂപപ്പെട്ട വിള്ളല്‍. -ദീപിക