വീട് നിർമിച്ചു നൽകി
1544393
Tuesday, April 22, 2025 5:29 AM IST
അയ്മനം: ത്രേസ്യാമ്മയും മകൻ സോജുവും ഇനി സുരക്ഷിത ഭവനത്തിൽ തല ചായ്ക്കും. ചെറിയ ഷെഡിൽനിന്ന് ഈസ്റ്റർ ദിനത്തിൽ അവർ പുതിയവീട്ടിൽ താമസമാക്കി. അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡിൽ കൊടുവത്ര മാതാ ഭവനത്തിൽ ത്രേസ്യാമ്മ എന്ന ചേച്ചമ്മയ്ക്ക് ഇത് സ്വപ്ന സാക്ഷാത്കാരം കൂടിയാണ്.
ഭർത്താവിന്റെ മരണശേഷം ഇളയ മകനൊപ്പം അമ്മയും മകനും പാടത്തിന്റെ ചിറയിൽ താത്കാലികമായി നിർമിച്ച ഷെഡിലായിരുന്നു കഴിഞ്ഞുവന്നിരുന്നത്. പകൽസമയത്ത് ഓന്തും കീരിയും ഒക്കെ വീട്ടിൽ അതിഥികളായെത്തുമ്പോൾ രാത്രി ആമയും ഇഴ ജന്തുക്കളുമായിരുന്നു കൂട്ട്. ഏക ആശ്രയമായ പെയിന്റിംഗ് തൊഴിലാളിയായ മകൻ സോജു ജോലിക്കിടെ വീണു നട്ടെല്ലിനും മുഖത്തും പരിക്കുപറ്റിയതിനെത്തുടർന്ന് ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലുമായിരുന്നു.
ഇവരുടെ ദയനീയാവസ്ഥ മനസിലാക്കിയ വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മനോജ് കരീമഠം അയ്മനത്തെ ജനകീയ വാട്സ്ആപ്പ് കൂട്ടായ്മയായ അയ്മനം ടുഡേയും ഗ്രേസ് സ്റ്റഡി എബ്രോഡുമായി സഹകരിച്ച് വീട് നിർമിച്ചു നൽകുകയായിരുന്നു. വീടിന് ഒരു കിടപ്പുമുറി, അടുക്കള, ഹാൾ, വരാന്ത അറ്റാച്ച്ഡ് ബാത്ത്റൂം തുടങ്ങിയ സൗകര്യങ്ങളുണ്ട്.
താക്കോൽദാനം ഗ്രേസ് സ്റ്റഡി എബ്രോഡ് ഉടമ രഞ്ജിത്ത് പന്നക്കൽ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെംബറും അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മനോജ് കരീമഠം, അഞ്ചാം വാർഡ് മെംബർ ബിജു മാന്താറ്റിൽ, ബിയൂഷ് ചന്ദ്രൻ, വിനോ മാത്യു, അഡ്വ. സജി എസ്. നായർ എന്നിവർ പങ്കെടുത്തു.