പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടച്ചുപൂട്ടി
1544293
Monday, April 21, 2025 11:59 PM IST
പൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടച്ചുപൂട്ടി. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് സ്റ്റേഷൻ മാസ്റ്റർ ഓഫീസ്. പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസിന്റെ ബോർഡും എടുത്തു മാറ്റി. സ്റ്റേഷൻ മാസ്റ്റർ തസ്തികയിലെ ജീവനക്കാരുടെ എണ്ണക്കുറവാണ് ഇതിനു കാരണമായി പറയുന്നത്. അദർ ഡ്യൂട്ടി കണ്ടക്ടർമാരെയാണ് സ്റ്റാൻഡിൽ സ്റ്റേഷൻ മാസ്റ്റർ ഡ്യൂട്ടി നൽകി ഇരുത്തിയിരുന്നത്. ഇവർ ഇല്ലാത്തതാണ് ഇപ്പോൾ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടച്ചുപൂട്ടുന്നതിനു കാരണമായി പറയുന്നത്.
വിദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർ വിവിധ സ്ഥലങ്ങളിലേക്കുള്ള ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ബസുകളുടെ സമയവിവരം തിരക്കുന്നത് ഇവിടെയായിരുന്നു. ഓഫീസ് നിർത്തിയതോടെ യാത്രക്കാർക്ക് കെഎസ്ആർടിസി ബസുകളുടെ സമയക്രമം അറിയാൻ കഴിയാത്ത സ്ഥിതിയാണ്. ഓഫീസ് നിർത്തലാക്കിയത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്. സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പുനഃസ്ഥാപിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.