എരുമേലി വിമാനത്താവളം: വിശദ പദ്ധതിരേഖ തയാറാകുന്നു
1544261
Monday, April 21, 2025 7:07 AM IST
എരുമേലി: എരുമേലിയിൽ നടപ്പിലാക്കാൻ സർക്കാർ പ്രഖ്യാപിച്ച നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കുകയാണ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനുവേണ്ടി സ്റ്റുപ്പ് എന്ന ഏജൻസി. ദിവസങ്ങൾക്കകം ഇത് പൂർത്തിയാകുമെന്ന് ഏജൻസി വക്താവ് പറഞ്ഞു. സമഗ്രപഠനം നടത്തിയാണ് രേഖ തയാറാക്കുന്നതെന്ന് ഏജൻസി പറയുന്നു. അടുത്ത ദിവസം പദ്ധതി രേഖ സമർപ്പിക്കും.
2024 ഫെബ്രുവരിയിലാണ് സ്റ്റുപ്പിനെ ചുമതല ഏൽപ്പിച്ചത്. നാലുകോടി രൂപയായിരുന്നു ചെലവ്. മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി ഇവരുടെ വിവരശേഖരണം പൂർത്തിയായിരുന്നു. ഇനി ഡിപിആർ, കെഎസ്ഐഡിസിക്ക് കൈമാറും. അവർ ഇത് പരിശോധിച്ച് ഉറപ്പാക്കിയശേഷം കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് സമർപ്പിക്കണം. തുടർന്ന് ഡിപിആർ അംഗീകരിക്കുന്നതോടെ പദ്ധതി നടത്തിപ്പിലേക്ക് കടക്കാം. കഴിഞ്ഞ ദിവസമാണ് പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി കിട്ടിയത്.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 245 പേരുടെ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. പദ്ധതിച്ചെലവിന് 3,450 കോടി രൂപ വേണം എന്നാണ് ഏജൻസി കണക്കാക്കിയിരിക്കുന്നത്. അതിൽ പ്രധാനം 3.50 കിലോമീറ്റർ നീളമുള്ള റൺവേയുടെ നിർമാണമാണ്. റൺവേയ്ക്ക് 45 മീറ്റർ വീതിയും റൺവേ സ്ട്രിപ്പിന് 280 മീറ്റർ വീതിയുമാണ് കണക്കാക്കിയിരിക്കുന്നത്. റൺവേ എൻഡ് സേഫ്റ്റി ഏരിയ ഇരുവശത്തും 240-290 മീറ്റർ വീതവുമാണ് രൂപരേഖയിൽ.
2017 ജൂലൈയിലാണ് ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമെന്ന് കണ്ടെത്തി അനുമതി നൽകിയത്. തുടർന്ന് കെഎസ്ഐഡിസിയെ നോഡൽ ഏജൻസിയായി നിയമിച്ചു. ഇതിനുശേഷം സാമ്പത്തിക, സാങ്കേതിക റിപ്പോർട്ട് തയാറാക്കാൻ ലൂയി ബഗർ എന്ന ഏജൻസിയെ ചുമതലപ്പെടുത്തി. ഇതിന്റെ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ 2023 ഏപ്രിൽ 13ന് വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് അനുവദിച്ചു. തുടർന്ന് 2023 ജൂൺ 30ന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
2024 മേയ് 20നാണ് വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതിയായത്. 2023 ജൂലൈ എട്ടിന് പരിസ്ഥിതി പഠനത്തിനുള്ള ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചു. തുടർന്ന് കരട് പരിസ്ഥിതി ആഘാത റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചു. ഇതോടെ 2024 ഡിസംബറിൽ സാമൂഹികാഘാത പഠന റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് വിദഗ്ധസമിതിയുടെ പരിശോധനയും ശിപാർശയും വന്നതിനെത്തുടർന്നാണ് ഇപ്പോൾ എസ്റ്റേറ്റ് ഉൾപ്പെടെ ഏറ്റെടുക്കാനുള്ള നടപടിക ആയിരിക്കുന്നത്.