മദ്യപർ തമ്മിലടിച്ചു, ഇടപെട്ട പോലീസിനും മർദനം; മൂന്നു പേർ റിമാൻഡിൽ
1544305
Monday, April 21, 2025 11:59 PM IST
എരുമേലി: ടൗണിൽ ഇരുവിഭാഗം യുവാക്കളുടെ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലും അടിപിടിയിലും മൂന്നു പേർ റിമാൻഡിൽ. ഈസ്റ്റർ ദിനത്തിൽ വൈകുന്നേരം എരുമേലി ടൗണിലാണ് സംഭവം. എരുമേലി മറ്റന്നൂർക്കര ലക്ഷംവീട് കോളനി പാടിക്കൽ റഫീഖ് (44), മകൻ അജാസ് (21), സുഹൃത്ത് ഇരുമ്പൂന്നിക്കര പാലയ്ക്കൽ അനന്ദു ബാബു (22) എന്നിവരാണ് റിമാൻഡിലായത്.
ലഹരിയിൽ ഒരു പറ്റം പേർ വാഗ്വാദമുണ്ടാക്കിയതാണ് സംഭവങ്ങളുടെ തുടക്കമെന്നു പോലീസ് പറയുന്നു. സംഭവസ്ഥലത്തു പോലീസ് എത്തിയപ്പോൾ സംഘാംഗങ്ങൾ ഓടി രക്ഷപ്പെട്ടു. അവശേഷിച്ചവരെ പിരിച്ചുവിടാൻ പോലീസ് ശ്രമിക്കുമ്പോൾ സംഘർഷത്തിൽപ്പെട്ട ഒരു യുവാവിന്റെ പിതാവ് പോലീസ് നടപടി ചോദ്യം ചെയ്തതു വാക്കേറ്റമായി മാറുകയായിരുന്നു. യുവാവിനെയും സുഹൃത്തിനെയും നാട്ടുകാരുടെ സഹായത്തോടെ പോലീസ് ജീപ്പിൽ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിൽ ഒരു യുവാവ് വീണ്ടും പോലീസുകാരെ കൈയേറ്റം ചെയ്തെന്നു പറയുന്നു. എന്നാൽ പോലീസ് മർദിച്ചുവെന്നു കോടതിയിൽ യുവാക്കൾ മൊഴി നൽകി.
അതേസമയം വർധിച്ചുവരുന്ന ലഹരി ഉപയോഗം മൂലമുണ്ടാകുന്ന സംഘർഷങ്ങളിൽ ഇടപെടേണ്ടി വരുമ്പോൾ വാസ്തവരഹിതമായ പരാതികൾ ഉണ്ടാകുന്നതു സ്വാഭാവികമാണെന്നു പോലീസ് പറയുന്നു.