മാതൃകയായി കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക്
1544306
Monday, April 21, 2025 11:59 PM IST
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ സാമ്പത്തിക വർഷം യാതൊരുവിധ ജപ്തി നടപടികളും നടത്താതെ കാഞ്ഞിരപ്പള്ളി താലൂക്കിലെ റിക്കവറി പ്രവർത്തനം മികച്ച രീതിയിൽ നടത്തി മാതൃകയായി കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക്. കാർഷിക മേഖലയിലെ വിലയിടിവും കാലാവസ്ഥാ വ്യതിയാനവും മൂലം കഷ്ടപ്പെടുന്ന സാധാരണക്കാരായ ജനങ്ങൾക്ക് താങ്ങായി നിന്ന് അവരുടെ ഉന്നമനത്തിനായി ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ചതായി ഭരണസമിതി വിലയിരുത്തി.
ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അവലോകനയോഗം പ്രസിഡന്റ് സാജൻ തൊടുക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. റീജണൽ മാനേജർ ജോസഫ് തോമസ്, ഭരണസമിതി അംഗങ്ങളായ പി.സി. ജേക്കബ് പനക്കൽ, സുമേഷ് ആൻഡ്രൂസ്, ബിജോയ് ജോസ്, കെ.എൻ. ദാമോദരൻ, സെലിൻ സിജോ മുണ്ടമറ്റം, ലിസി പോൾ, ബാങ്ക് സെക്രട്ടറി അജേഷ് കുമാർ, സെയിൽ ഓഫീസർ സബീന ബീഗം എന്നിവർ പ്രസംഗിച്ചു.