റോഡില്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കണം : കണിച്ചുകുളത്ത് റോഡരികിലെ കാട്ടുചെടികള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടക്കെണി
1544259
Monday, April 21, 2025 7:04 AM IST
ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ മാമ്മൂടിനും കറുകച്ചാലിനും ഇടയിലുള്ള റോഡിന്റെ വശങ്ങളിലെ കാട്ടുചെടികള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടക്കെണിയാകുന്നു. പുല്ലും കാട്ടുചെടികളും വളര്ന്നുനില്ക്കുന്നത് വാഹനങ്ങള്‍ ഓടിക്കുന്നവരുടെ കാഴ്ച മറയ്ക്കുന്നതിനു കാരണമാകുന്നു. വീതിക്കുറവും വളവുമുള്ള കണിച്ചുകുളം ജംഗ്ഷനില്‍ റോഡിന്റെ വശത്ത് നൂറു മീറ്ററോളം ഭാഗത്ത് കാടു വളര്ന്നുനില്ക്കുന്നതുമൂലം കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാനാവാത്ത അവസ്ഥയാണ്.
റോഡരികില്‍ പുല്ലു വളര്‍ന്നു നില്ക്കുന്നതിനാല് കാല്‍നടക്കാര്‍ക്ക് റോഡിലേക്കു കയറി നടക്കേണ്ടി വരുന്നതിനാൽ ഏറെ അപകട സാധ്യതയുണ്ട്. നൂറുകണക്കിനു വാഹനങ്ങള്‍ വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന റോഡാണിത്. ഈ റോഡിന്റെ എതിര്‍ഭാഗത്ത് സംരക്ഷണ ഭിത്തിയില്ലാത്തതും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്.
കൂത്രപ്പള്ളി മുതല്‍ എന്‍എസ്എസ് മെഡിക്കല്‍ മിഷന് വരെയുള്ള റോഡരികിലും പുല്ലു വളര്‍ന്നു നില്‍ക്കുന്നത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാണ്.
റോഡിന്റെ വശങ്ങളിലെ കാട്ടുചെടികളും പുല്ലും വെട്ടിത്തെളിച്ച് യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളോ പൊതുമരാമത്തുവകുപ്പോ സത്വര ശ്രദ്ധ പതിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.