പദ്ധതി നിര്‍വഹണം : മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനത്ത്
1544260
Monday, April 21, 2025 7:07 AM IST
മാടപ്പള്ളി: 2024-25 വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തി. 100 ശതമാനത്തിനു മുകളില്‍ തുക ചെലവഴിച്ചാണ് ജില്ലയിലെ ബ്ലോക്കു പഞ്ചായത്തുകളില്‍ ഒന്നാംസ്ഥാനം നേടിയത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസന ഫണ്ട്, പ്രാദേശികമായി ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ക്ക് ലഭിച്ച വികസന ഫണ്ട്, കൂടാതെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ കൂട്ടായി നടപ്പിലാക്കിയ പ്രത്യേക പദ്ധതികളുമാണ് മാടപ്പള്ളി ബ്ലോക്കിനെ മികച്ച സ്ഥാനത്തെത്തിച്ചത്.
ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന പഞ്ചായത്തുകളെ പൂര്‍ണമായും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാന്‍ നടപ്പിലാക്കിയ പ്ലാസ്റ്റിക് നിര്‍മാര്‍ജന യൂണിറ്റ്, നിര്‍ധനരായ പട്ടികജാതി കുടുംബങ്ങള്‍ക്കായി നടപ്പിലാക്കിയ ആധുനിക രീതിയിലുള്ള അടുക്കളയും അടുക്കളയിലേക്കുള്ള ഗൃഹോപകരണങ്ങളുടെ വിതരണവും,
പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കിയ സൗജന്യ പിഎസ്സി പരിശീലന ക്ലാസ്, സ്വയം തൊഴിലിന്റെ ഭാഗമായി പട്ടികജാതി വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കിയ വാദ്യോപകരണങ്ങളുടെ വിതരണം, കര്‍ഷകരുടെ ക്ഷേമ പദ്ധതികള്‍ക്കായി നടപ്പിലാക്കി വരുന്ന അഗ്രോ സര്‍വീസ് തുടങ്ങിയവ ശ്രദ്ധനേടി.
സെക്കന്‍ഡറി പാലിയേറ്റീവ് കെയറില്‍ ഉള്‍പ്പെടുത്തി അഞ്ചു പഞ്ചായത്തുകള്‍ക്കായി നല്കുന്ന സേവനങ്ങള്‍, ആരോഗ്യ മേഖലയില്‍ കാന്‍സര്‍, കിഡ്നി, ഡയാലിസിസ് ചികിത്സ തേടുന്നവര്‍ക്കായി നടപ്പിലാക്കിയ പദ്ധതികള്‍, ഓപ്പണ്‍ ജിംനേഷ്യം, ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് മാലിന്യ സംസ്കരണ യൂണിറ്റ്,
വനിത സംരംഭക വ്യവസായ യൂണിറ്റ്, നിര്‍ധനരുടെ വീടുകളില്‍ സൗജന്യമായി നടപ്പിലാക്കിയ സ്മാര്‍ട്ട് അടുക്കള, റോഡുകളുടെ നവീകരണം, മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍, നെല്‍ക്കൃഷിക്ക് പെട്ടിയും പറയും മുതല്‍ ആധുനിക എന്ജിന് തറയും മോട്ടറും തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ പദ്ധതികളും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി.
കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഒന്നാം സ്ഥാനത്തെത്തിച്ചു
ഭരണ-പ്രതിപക്ഷ അംഗങ്ങളും ഉദ്യോഗസ്ഥരും കൂട്ടായി നടത്തിയ ആലോചനകളും കര്‍മപദ്ധതികളുമാണ് ബ്ലോക്ക് പഞ്ചായത്തിനെ ജില്ലയില്‍ ഒന്നാംസ്ഥാനത്ത് എത്തിച്ചതെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു പറഞ്ഞു.