അവാര്‍ഡുകളുടെ തിളക്കത്തില്‍ അല്‍ഫോന്‍സാ കോളജ്
1544254
Monday, April 21, 2025 7:04 AM IST
പാലാ: അല്‍ഫോന്‍സാ കോളജ് പാലാ നഗരസഭയിലെ ഹരിത കലാലയമായി തെരഞ്ഞെടുക്കപ്പെട്ടു. ലോക വിദ്യാഭ്യാസ കോണ്‍ഗ്രസ് അവാര്‍ഡും അല്‍ഫോന്‍സാ കോളജിന് ലഭിച്ചു. കേരളത്തിലെയും ലക്ഷദ്വീപിലെയും ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന് നല്കുന്ന അവാര്‍ഡാണിത്. അക്കാഡമിക് രംഗത്തും കായികരംഗത്തും സാമൂഹികരംഗത്തും അല്‍ഫോന്‍സാ കോളജ് നല്കിയ വലിയ സംഭാവനകളെ പരിഗണിച്ചാണ് ഈ അവാര്‍ഡ് കോളജിന് ലഭിച്ചത്. സീറോ ഫുഡ് വേസ്റ്റ് സംവിധാനം, വെർമി കമ്പോസ്റ്റ്, ഓര്‍ഗാനിക് ഫാമിംഗ്, പ്ലാസ്റ്റിക് രഹിത കലാലയം എന്നിവയെല്ലാം അവാര്‍ഡ് കരസ്ഥമാക്കാന്‍ കോളജിനെ സഹായിച്ചു.
വിവിധ രംഗങ്ങളില്‍ ഒട്ടേറെ നേട്ടങ്ങളാണ് കോളജ് സ്വന്തമാക്കിയത്. നാക്ക് ഫിഫ്ത്ത് സൈക്കിള്‍ എ പ്ലസ് ഗ്രേഡോടെ റീഅക്രഡിറ്റേഷന് കരസ്ഥമാക്കി. വര്‍ഷങ്ങളായി എംജി യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ റാങ്കുകളും എ പ്ലസുകളും കോളജിനു സ്വന്തമാണ്. എംജി യൂണിവേഴ്സിറ്റി മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള മോസസ് അവാര്‍ഡ് കോളജിനു ലഭിച്ചു.
മികച്ച എന്‍എസ്എസ് ഫ്രണ്ട്ലി പ്രിന്‍സിപ്പല്‍,
മികച്ച പ്രോഗ്രാം ഓഫീസര്‍, മികച്ച എന്‍എസ്എസ് വോളണ്ടിയര്‍ എന്നീ അവാര്‍ഡുകളും കോളജ് കരസ്ഥമാക്കി. ഡിഎസ്ടി ഫിസ്റ്റ്, ഡിബിടി സ്റ്റാര്‍, ഡിഎസ്ടി ക്യൂറി തുടങ്ങിയ വിവിധ പദ്ധതികളിലായി കേന്ദ്രസര്‍ക്കാരിന്റെ 2.86 കോടി രൂപ ഗ്രാന്‍ഡ് കോളജ് സ്വന്തമാക്കി. ഇത്തവണത്തെ എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് കിരീടവും കോളജിനു ലഭിച്ചു.
60 വര്‍ഷം പിന്നിട്ട കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് മികച്ച പഠനാന്തരീക്ഷവും സുരക്ഷിതമായ ഹോസ്റ്റല്‍ സൗകര്യങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍ പുന്നത്താനത്തുകുന്നേല് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കേരളത്തിലെ ഏറ്റവും നല്ല കായിക കോളജായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്ന കോളജിനെ രക്ഷാധികാരി മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാനേജര്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു, സിസ്റ്റര്‍ ഡോ. മഞ്ജു എലിസബത്ത് കുരുവിള, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ അഭിനന്ദിച്ചു.