ക്രിസ്മസ് കാലം ഫലം ചൂടേണ്ട കാലഘട്ടം: മാര്‍ കല്ലറങ്ങാട്ട്
1378691
Saturday, December 16, 2023 12:05 AM IST
പാലാ: ക്രിസ്മസിനായി ഒരുങ്ങുന്ന മംഗളവാര്‍ത്ത കാലഘട്ടം നമുക്ക് ഫലം ചൂടേണ്ട കാലഘട്ടമായിരിക്കണമെന്ന് ബിഷപ് ജോസഫ് കല്ലറങ്ങാട്ട്. അരുണാപുരം അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്നലെ നടന്ന വൈദിക സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
മദ്ബഹായോട്-അള്‍ത്താരയോട് ചേര്‍ന്നു നില്ക്കുമ്പോള് ഫലം ചൂടാത്തതും ഫലം നല്‍കുന്നതായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. മംഗളവാര്‍ത്തയുടെ ഈ കാലഘട്ടം ഈശോയുടെ തിരുപ്പിറവിയില്‍ എത്തുമ്പോള്‍ ജീവിക്കേണ്ട യാഥാര്‍ഥ്യമായി നാം അതിനെ ഏറ്റുവാങ്ങണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിഎംഐ സഭയുടെ പ്രിയോര്‍ ജനറാള്‍ റവ. ഡോ. തോമസ് ചാത്തന്‍പറമ്പില്‍ ക്ലാസ് നയിച്ചു. ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായി തീരേണ്ടവരാണ് ഓരോ വൈദികനുമെന്നും അതിന് ഏറ്റവും യോജിച്ച സമയം ഈ ക്രിസ്മസ് കാലഘട്ടമാണന്നും അദ്ദേഹം ഓര്‍മിപ്പിച്ചു
. ചടങ്ങില്‍ കെസിബിസിയുടെ ദാര്‍ശനിക വൈജ്ഞാനിക പുരസ്കാര ജേതാവ് റവ. ഡോ. തോമസ് മൂലയിലിനെ രൂപതാധ്യക്ഷന്‍ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പൊന്നാടയണിയിച്ച് ആദരിച്ചു. റവ. ഫാ. മാത്യു പുതിയിടത്ത് രചിച്ച കരുണയുടെ 17 സംവത്സരങ്ങള്‍, റവ. ഡോ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍ രചിച്ച ഉത്പത്തി ചരിതം എന്നീ പുസ്തകങ്ങള്‍ സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ പ്രകാശനം ചെയ്തു.
രൂപതയുടെ മുഖ്യവികാരിജനറാള്‍ റവ. ഡോ. ജോസഫ് തടത്തില്‍, വികാരി ജനറാൾമാരായ റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍, റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, റവ. ഡോ. ജോസഫ് കണിയോടിക്കല്‍, രൂപത പ്രൊകുറേറ്റര്‍ റവ. ഡോ. ജോസഫ് മുത്തനാട്ട്, ചാന്‍സലര്‍ റവ. ഡോ. ജോസഫ് കുറ്റിയാങ്കല്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.
ക്രിസ്മസ് സമ്മാനങ്ങളും രൂപതാധ്യക്ഷന്‍ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് വിതരണം ചെയ്തു. രൂപതയിലെ മുന്നൂറ്റിയമ്പതോളം വൈദികര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.