വീട്ടമ്മയെ കബളിപ്പിച്ച് ഒന്നേമുക്കാല്‍ കോടി തട്ടിയ സംഭവം; പ്രതി അന്തർസംസ്ഥാന തട്ടിപ്പുകാരന്
Saturday, December 14, 2024 2:17 AM IST
കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് ഒന്നേമുക്കാല്‍ കോടി രൂപ തട്ടിയ യുവാവ് അന്തർസംസ്ഥാന തട്ടിപ്പുകാരന്.
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയെ സിബിഐയുടെ ഓഫീസില്‍നിന്നാണു വിളിക്കുന്നതെന്ന് പറഞ്ഞ് കബളിപ്പിച്ച് ഒരു കോടി 86 ലക്ഷം രൂപയാണ് തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ വരന്തരപ്പള്ളി ചന്ദ്രശേരി സലീഷ് കുമാറിനെ (47) പോലീസ് അറസ്റ്റുചെയ്തിരുന്നു. സലീഷ് വിവിധ സംസ്ഥാനങ്ങളില്‍ തട്ടിപ്പു കേസുകളില്‍ പ്രതിയാണെന്നു പോലീസ് കണ്ടെത്തി.
വീട്ടമ്മയുടെ ഫോണിലേക്ക് സിബിഐയില്‍ നിന്നാണെന്നു പറഞ്ഞു പ്രതി വിളിച്ച ശേഷം അക്കൗണ്ടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടമ്മ പല തവണകളായി 1,86,62,000 രൂപ പ്രതി പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ പണം സലീഷ് കുമാറിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണസംഘം നടത്തിയ തെരച്ചിലില്‍ സലീഷിനെ ഗോവയില്‍നിന്നു പിടികൂടുകയായിരുന്നു.
കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മയുടെ നഷ്ടപ്പെട്ട പണം ഇയാള്‍ രാജസ്ഥാന്, ഹരിയാന, കോയമ്പത്തൂര്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കിയതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തിയത്.
തൃശൂര്‍ വരന്തരപ്പള്ളി, കൊരട്ടി സ്റ്റേഷനിലും ഗോവ, കര്‍ണാടക, തെലുങ്കാന, തമിഴ്നാട്, രാജസ്ഥാന്, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ പണം തട്ടിയെടുത്ത കേസില്‍ അന്വേഷണം നടത്തിവരുന്നതായി കണ്ടെത്തി.
തുടര്‍ന്ന് അതത് സംസ്ഥാനത്തെ സ്റ്റേഷനുകളെ അന്വേഷണസംഘം വിവരമറിയിക്കുകയായിരുന്നു. ഇതിന്‍പ്രകാരം തെലുങ്കാന പോലീസ് കാഞ്ഞിരപ്പള്ളി കോടതിയില്‍ ഇയാളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുവേണ്ടി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.