ധനകാര്യ വകുപ്പിൽ 15 താത്കാലിക ഒഴിവുകൾ; ഇന്റർവ്യൂ ബോർഡിലെ 12 പേരും ഇടത് അനുകൂലികൾ
Saturday, December 14, 2024 1:18 AM IST
തിരുവനന്തപുരം: ധനകാര്യ വകുപ്പിൽ ഓഫീസ് അറ്റൻഡന്റ് (ലാസ്റ്റ് ഗ്രേഡ്) തസ്തികയിലെ 15 ഒഴിവുകളിലേക്കു താത്കാലിക നിയമനം നടത്തുന്നു.
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക നിയമനം നടത്താനാണ് തീരുമാനം. ഇന്റർവ്യു ബോർഡിലേക്ക് തെരഞ്ഞെടുത്ത 12 ഉദ്യോഗസ്ഥരും ഭരണാനുകൂല സർവീസ് സംഘടനയിൽ പെട്ടവരാണെന്ന ആരോപണം ഉയർന്നതോടെ നിയമനവും വിവാദത്തിലാകും.
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ നൽകുന്ന പട്ടികയിൽ നിന്നാണ് ഇന്റർവ്യൂ നടത്തുക. സിപിഎം പാർട്ടി ഓഫീസിൽ നിന്നു നൽകുന്ന പട്ടികയുടെ അടിസ്ഥാനത്തിൽ പിൻവാതിൽ നിയമനം നൽകുന്നതിനാണ് ഇടതുപക്ഷ സർവീസ് സംഘടനയുമായി ആഭിമുഖ്യം പുലർത്തുന്ന ഉദ്യോഗസ്ഥരെ ഇന്റവ്യു ബോർഡിൽ നിയമിച്ചതെന്നാണ് ആരോപണം.
ഓഫീസ് അറ്റൻഡന്റുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 16 മുതൽ 20 വരെ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടത്താനാണു തീരുമാനം. രാവിലെ 10.15 മുതൽ ഉച്ചകഴിഞ്ഞു രണ്ടു വരെ അഭിമുഖം നടത്താനാണു തീരുമാനം. ഇതിനായാണ് 12 അംഗ ഇന്റർവ്യു ബോർഡ് രൂപീകരിച്ചു.