മഴ ജനുവരി വരെ; ഏപ്രില്‍ ചുട്ടുപൊള്ളും
Saturday, December 14, 2024 1:18 AM IST
റെജി ജോസഫ്
കോട്ടയം: അറബിക്കടലില്‍ ചുഴലിക്കാറ്റുകള്‍ പതിവായതോടെ ജനുവരി വരെ മഴ തുടരാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഏറെ ജില്ലകളിലും മഞ്ഞുകാലം ഇല്ലാതായെന്നു മാത്രമല്ല നവംബര്‍ ഡിസംബര്‍ മാസങ്ങള്‍ മഴക്കാലം ഏറ്റെടുത്തു.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഒന്‍പതു മാസവും മഴ പെയ്യുന്ന സംസ്ഥാനമായി കേരളം കേരളം മാറിയതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്വയണ്മെന്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടുത്ത ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ മുന്‍വര്‍ഷത്തെക്കാള്‍ കഠിനമായ ചൂടില്‍ കേരളം പൊള്ളുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ വര്‍ഷം പാലക്കാട്ടും കോട്ടയത്തും രേഖപ്പെടുത്തിയ 40 ഡിഗ്രിയേക്കാള്‍ ഒരു ഡിഗ്രിവരെ അധികം ചൂട് കേരളത്തിലുണ്ടാകാം. മഴക്കെടുതിയില്‍ ഇക്കൊല്ലം രാജ്യത്ത് ഏറ്റവുമധികം മരണവും ഉരുള്‍പൊട്ടലുമുണ്ടായ സംസ്ഥാനം കേരളമാണ്. ആദ്യ ഒന്‍പതു മാസങ്ങളില്‍ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചത് 550 പേരാണ്.
അതിതീവ്ര കാലാവസ്ഥാ പ്രത്യാഘാതം ഇനിയങ്ങോട്ട് കേരളത്തില്‍ പതിവു സംഭവമായി മാറും. ആഗോള ശരാശരിയിലും കൂടിയ താപവര്‍ധനയാണ് ഇന്ത്യന്‍ സമുദ്രമേഖലയില്‍ സംഭവിച്ചിരിക്കുന്നത്. ഇത് സമുദ്ര ജല താപനത്തിലും വര്‍ധന സൃഷ്ടിച്ചതിനൊപ്പം ചുഴലിക്കാറ്റും കടലേറ്റവും തീരശോഷണവും വര്‍ധിക്കാനിടയാക്കി.
ഒന്‍പതു ജില്ലകളിലായി കേരളതീരം അതിരിടുന്ന അറബിക്കടലിന്റെ ഉപരിതല ഊഷ്മാവ് 28 ഡിഗ്രിയിലെത്തി. കാലവര്‍ഷ സീസണിലും 26 ഡിഗ്രിയാണ് കടല്‍ താപം. അതുകൊണ്ടുതന്നെ കേരളതീരത്ത് കാലം തെറ്റിയ അതി തീവ്ര ചുഴലിക്കാറ്റുകളുടെയും കടല്‍ക്ഷോഭങ്ങളുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടാകും.
സംസ്ഥാനത്ത് കാറ്റ്, മഴ, മണ്ണിടിച്ചില്‍, പ്രളയം എന്നിവയുടെ എണ്ണം വര്‍ധിക്കുന്നതില്‍ മാത്രമല്ല പെയ്ത്തിന്റെ ഘടനയിലും മാറ്റങ്ങളുണ്ടാകുന്നു. കാലാവസ്ഥാ മാറ്റം സംസ്ഥാനത്തിന്റെ സാമ്പത്തിക-ഉത്പാദന മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കും.