ഉമ്മൻചാണ്ടി സ്മാരക പുരസ്കാരം നൽകും
Saturday, December 14, 2024 1:18 AM IST
തൃശൂർ: ലഹരിവിമുക്ത കേരളത്തിനുവേണ്ടി സമഗ്രസംഭാവന നൽകിയ രാഷ്ട്രീയ, സാംസ്കാരികരംഗത്തെ വ്യക്തികളെ വർഷംതോറും കണ്ടെത്തി ഉമ്മൻ ചാണ്ടി സ്മാരക പുരസ്കാരം എന്ന പേരിൽ പുരസ്കാരം നൽകാൻ മദ്യവിമോചനമഹാസഖ്യം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. വരുന്ന മേയ്മാസത്തിൽ മലപ്പുറം വെളിയംകോട് നടത്തുന്ന സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചാണ് ജേതാവിനെ കണ്ടെത്തി പുരസ്കാരം നൽകുക.
തൃശൂർ കുരിയച്ചിറ ഗാന്ധിമന്ദിരത്തിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം രക്ഷാധികാരി സി.ഐ. അബ്ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനപ്രസിഡന്റ് ഇ.എ. ജോസഫ് അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ പുരസ്കാരജേതാവിനെ കണ്ടെത്തുവാൻ സി.ഐ. അബ്ദുൾ ജബ്ബാർ ചെയർമാനായി ഒന്‍പതംഗ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി കെ.എ. മഞ്ജുഷ, ഖജാൻജി അബ്ദുൾ റഷീദ്, സെക്രട്ടറി കമറുദീൻ വെളിയംകോട്, നിർവാഹകസമിതി അംഗങ്ങളായ എൻ. കുമാരദാസ് ആലപ്പുഴ, ഹരി വെള്ളാനി പാലക്കാട്, പോൾ ചെവിടൻ, തോമസ് കരിപ്പായി, ബേബി കണ്ണംപടത്തി എന്നിവർ പ്രസംഗിച്ചു.