കത്തോലിക്ക-യാക്കോബായ സംയുക്ത മാർഗരേഖയുമായി ദൈവശാസ്ത്ര കമ്മീഷന് യോഗം
Saturday, December 14, 2024 1:18 AM IST
കോട്ടയം: ആശുപത്രികളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇരുസഭകളിലേയും വിശ്വാസികള്‍ക്ക് അജപാലന ശുശ്രൂഷ നൽകുന്നതിലുള്ള സംയുക്ത മാര്‍ഗരേഖ മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററില്‍ നടന്ന കത്തോലിക്ക-യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ദൈവശാസ്ത സംവാദ കമ്മീഷന് യോഗത്തില്‍ അവതരിപ്പിക്കുകയും ഇരുസഭകളിലെ യും സുന്നഹദോസിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാനും തീരുമാനിക്കുകയും ചെയ്തു.
ആശുപത്രികളില്‍ ഇരുസഭകളിലേയും രോഗികള്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ രോഗീലേപനം (രോഗികളുടെ തൈലാഭിഷേകം) കുമ്പസാരം, വിശുദ്ധ കുര്‍ബാന അവരുടെ സഭയിലെ വൈദികരില്‍നിന്ന് ലഭ്യമാക്കുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കുവാനും അപ്രകാരം സാധിക്കാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഇതരസഭയിലെ വൈദികരില്‍നിന്നും തടസം കൂടാതെ ലഭ്യമാക്കുവാനുള്ള ക്രമീകരണങ്ങളാണു മാര്‍ഗരേഖയിലുള്ളത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇരുസഭകളിലേയും വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് അവരവരുടെ സഭയിലെ അജപാലന ശുശ്രൂഷ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.
ഡിജിറ്റല്‍ ലോകത്ത് വിശ്വാസജീവിതത്തിലെ വെല്ലുവിളികളും, സാധ്യതകളും എന്ന വിഷയത്തെക്കുറിച്ച് ഡീക്കന്‍ ഡോ. അനീഷ് കെ. ജോയി, റവ.ഡോ. അഗസ്റ്റിന് കടേപ്പറമ്പില്‍ എന്നിവരും കേരളത്തില്‍നിന്നുള്ള വിദേശ കുടിയേറ്റത്തിന്റെ പ്രത്യാഘാതങ്ങളും അജപാലന വെല്ലുവിളികളും എന്നീ വിഷയങ്ങളിൽ ഫാ. ജെറി കുര്യന് എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
റവ.ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില് അജപാലന സംയുക്ത മാര്‍ഗരേഖ അവതരിപ്പിച്ചു. ഇരുസഭകളും ഇതുവരെ ഉണ്ടാക്കിയ സംയുക്ത ഉടമ്പടികളുടെ അവലോകനവും ഈ ഉടമ്പടികള്‍ ഇരുസഭകളും പൂര്‍ണമായും നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള തീരുമാനങ്ങളും ഉണ്ടായി.
വത്തിക്കാനിലെ സഭാ ഐക്യകാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ് ഫ്ളാവിയോ പാച്ചേ, യാക്കോബായ സഭാ എക്യുമെനിക്കല്‍ ഓഫീസ് പ്രസിഡന്റ് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത എന്നിവര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, റവ.ഡോ. ജേക്കബ് തെക്കേപറമ്പില്‍, റവ.ഡോ. അഗസ്റ്റിന് കടേപ്പറമ്പില്‍, റവ.ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില്, ഫാ. ഹയാസിന്ത് ഡെസ്റ്റിവെല്ലെ തുടങ്ങിയവര്‍ പങ്കെടുത്തു.
യാക്കോബായ സഭയെ പ്രതിനിധീകരിച്ച് ഡോ. മാര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, ഡോ. ആദായി ജേക്കബ് കോര്‍എപ്പിസ്കോപ്പ, ഡോ. കുര്യാക്കോസ് കോര്‍എപ്പിസ്കോപ്പ മൂലയില്‍, ഫാ. ഡാനിയല്‍ തട്ടാറയില്‍, ഫാ. ജെറി കുര്യന്, റവ.ഡോ. ഗ്രിഗര്‍ ആര്. കൊള്ളന്നൂര്‍, ഫാ. പി.എം. ബിജു, റവ.ഡോ. സലീബ റമ്പാന്, ഡീക്കന്‍ ഡോ. അനീഷ് കെ. ജോയ് എന്നിവര്‍ പങ്കെടുത്തു.