18ന് ദേശീയ ന്യൂനപക്ഷ അവകാശദിനമായി ആചരിക്കും
Saturday, December 14, 2024 2:17 AM IST
കൊച്ചി: ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ സംരക്ഷണവും അവകാശവും ഉറപ്പാക്കണമെന്നു പ്രഖ്യാപിച്ച് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ 18ന് ദേശീയ ന്യൂനപക്ഷ അവകാശദിനം ആചരിക്കും.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ അന്നു ന്യൂനപക്ഷ അവകാശ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
സിബിസിഐയുടെ രാജ്യത്തെ 14 റീജണല്‍ കൗണ്‍സിലുകളുടെയും വിവിധ കത്തോലിക്ക അല്മായ സംഘടനകളുടെയും ഇതര ക്രൈസ്തവ സഭാവിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ അവകാശദിനാചരണം.
ജനസംഖ്യയില്‍ 2.3 ശതമാനം മാത്രമുള്ള ക്രൈസ്തവരെ മൈക്രോ മൈനോറിറ്റിയായി പ്രഖ്യാപിച്ച് പ്രത്യേക ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പഠനസമിതി രൂപീകരിക്കണം.
ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ദളിത് ക്രൈസ്തവ സമൂഹം നേരിടുന്ന നീതിനിഷേധത്തിനെതിരേയുള്ള നിയമ-സമര പോരാട്ടങ്ങള്‍ക്ക് രാജ്യത്തുടനീളം 18ന് ഐക്യദാർഢ്യം പ്രഖ്യാപിക്കും.
രാജ്യത്തെ എല്ലാ ക്രൈസ്തവസ്ഥാപനങ്ങളും സംഘടനകളും 18ലെ ദേശീയ ന്യൂനപക്ഷ അവകാശദിനാചരണത്തില്‍ പങ്കുചേരണമെന്ന് വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.