വയ്ക്കാൻ അരിയില്ലാത്തതുകൊണ്ടാ സാറെ, മോഷ്ടിച്ചെന്നു പറയരുതേ...
Saturday, December 14, 2024 1:18 AM IST
തൃശൂർ: “വയ്ക്കാനരിയില്ലാത്തതുകൊണ്ട് നാഴിയരി ഇന്ന് സ്കൂളിൽനിന്ന് ഞാൻ എടുത്തു സാറെ, മോഷ്ടിച്ചു എന്നു പറയരുത്’’. ശമ്പളത്തിന്റെ കാര്യം എന്തായി എന്നു ചോദിക്കാൻ വിളിക്കാറുള്ള ഒരു സ്കൂൾപാചകത്തൊഴിലാളി അവരുടെ യൂണിയന്റെ (എഐടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനനോടു നടത്തിയ ദയനീയ വെളിപ്പെടുത്തലാണിത്.
ഒരിക്കൽപ്പോലും ശന്പളം കൃത്യമായി കിട്ടാത്ത സ്കൂൾ പാചകത്തൊഴിലാളിക്ക് ഒക്ടോബർ, നവംബർ മാസങ്ങളിലെ ശമ്പളം ഡിസംബർ പകുതിയായിട്ടും കിട്ടിയിട്ടില്ല. സെപ്റ്റംബറിൽ ഓണാവധിയായതിനാൽ 14 ദിവസത്തെ ശന്പളംമാത്രമേ കിട്ടിയിരുന്നുള്ളൂ, അതും ആയിരം രൂപ പിടിച്ചുവച്ചാണു നല്കിയത്.
ഒരു മാസത്തെ ശമ്പളംപോലും മുടങ്ങിയാൽ പട്ടിണിയെ അഭിമുഖീകരിക്കേണ്ടവിധം യാതൊരു സമ്പാദ്യവും കൈമുതലായി ഇല്ലാത്തവരാണു രണ്ടുമാസത്തിലധികമായി ശന്പളമില്ലാത്ത അവസ്ഥ നേരിടുന്നത്. അരി വാങ്ങാനും വീട്ടുവാടക കൊടുക്കാനും കുട്ടികൾക്കു ഫീസ് കൊടുക്കാനും തുടങ്ങി ജോലിക്കുപോകാൻ ബസ് കൂലി കൊടുക്കാൻപോലും പണമില്ലാതെ കഷ്ടപ്പെടുകയാണവർ.
സംസ്ഥാനത്തെ സ്കൂൾ പാചകത്തൊഴിലാളികൾക്ക് യഥാസമയം ശമ്പളം കൊടുക്കുന്ന ഏർപ്പാട് സർക്കാർ അവസാനിപ്പിച്ചിട്ടു മൂന്നു വർഷം പിന്നിടുകയാണ്. മാസങ്ങളുടെ കുടിശികയാകുമ്പോൾ ഒരു മാസത്തെ ശമ്പളം അനുവദിക്കും. കേന്ദ്ര മാൻഡേറ്ററി വിഹിതമെന്നു പറഞ്ഞ് അതിൽനിന്നു വീണ്ടും ആയിരം രൂപ പിടിച്ചുവയ്ക്കും. മൂന്നു വർഷമായി ഇതാണു പാചകത്തൊഴിലാളികളുടെ ശമ്പളവിതരണത്തിന്റെ രീതി.
നിവേദനങ്ങളും പ്രതിഷേധസമരങ്ങളും യാചനാസമരവും ഉൾപ്പെടെ തൊഴിലാളികളുടെ ആവലാതികളും മുറവിളികളൊന്നും കേരള സർക്കാർ വകയ്ക്കുന്നില്ലെന്നാണു തൊഴിലാളികളുടെ ആക്ഷേപം.
മുൻസർക്കാരുകൾ തൊഴിലാളികളുടെ വേതനത്തിൽ അമ്പതു രൂപവീതം പ്രതിവർഷം ബജറ്റിലൂടെ വർധിപ്പിച്ചുനൽകിയിരുന്ന പതിവ് ഇപ്പോൾ ഇല്ല. പാചകത്തൊഴിലാളികളുടെ വേതനം വർധിപ്പിച്ചിട്ട് നാലു വർഷമായി. മാത്രമല്ല, മിനിമം വേതനത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.
തമിഴ്നാട്ടിൽ പാചകത്തൊഴിലാളികളെ സർക്കാർജീവനക്കാരായി അംഗീകരിച്ച് അവർക്കു പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്നു തൊഴിലാളികൾ ചൂണ്ടിക്കാട്ടി.