ലത്തീൻ കത്തോലിക്ക സന്പൂർണ നേതൃ സമ്മേളനം നാളെ
Saturday, December 14, 2024 1:17 AM IST
തിരുവനന്തപുരം: ലത്തീൻ കത്തോലിക്കാ സംസ്ഥാനതല ദിനാചരണവും സന്പൂർണ നേതൃ സമ്മേളനവും നാളെ തിരുവനന്തപുരത്തു നടക്കും.
സഭയുടെ നയരൂപീകരണ സമിതിയായ കെആർഎൽസിസിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9.30നു വെള്ളയന്പലം ടിഎസ്എസ് ഹാളിൽ നടക്കുന്ന സെമിനാറിൽ 12 രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ് അറിയിച്ചു.
ഉച്ചയ്ക്ക് 1.45ന് സമുദായ സംഘടനയായ കെഎൽസിഎയുടെ സന്പൂർണ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പതാക പ്രയാണം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കും.
2.30ന് സെന്റ് ജോസഫ് സ്കൂൾ സമ്മേളന നഗരിയിൽ സമാപിക്കും. സെന്റ് ജോസഫ് സ്കൂൾ ഓപ്പണ്‍ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സന്പൂർണ നേതൃ സമ്മേളനം കെആർഎൽസിസി പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്യും. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിക്കും. തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ അനുഗ്രഹ പ്രഭാഷണം നടത്തും.
ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തും. ബിജു ജോസി സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. മന്ത്രി ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശി തരൂർ എംപി, എം. വിൻസന്റ് എംഎൽഎ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, മോണ്‍. ജോസ് നവസ്, രതീഷ് ആന്റണി, പാട്രിക് മൈക്കിൾ തുടങ്ങിയവർ പ്രസംഗിക്കും.
ജസ്റ്റീസ് ജെ.ബി. കോശി റിപ്പോർട്ട് ഉടൻ പുറത്തു വിടണമെന്നും സമയബന്ധിതമായി നടപ്പാക്കണമെന്നും വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടുണ്ടായ കേസുകൾ പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെടും. മുതലപ്പൊഴി അപകടങ്ങൾക്കു ശാശ്വത പരിഹാരം കാണണം. സമുദായം നേരിടുന്ന പ്രാതിനിധ്യം ഇല്ലായ്മ, സംവരണ നിഷേധം, ജാതി സർട്ടിഫിക്കറ്റ് പ്രശ്നം എന്നിവയും പരിഹരിക്കണം.
മുനന്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിയമപരമായ വസ്തുതയ്ക്ക് പിന്തുണ കൊടുക്കുന്ന തരത്തിലുള്ള നടപടികൾ കോടതിയിൽ ഇരിക്കുന്ന കേസുകളിൽ ഹാജരാക്കി വിഷയം എത്രയും വേഗം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും സമ്മേളനത്തിൽ ഉയരും.