മുനന്പത്തെ ഭൂമി വഖഫല്ലെന്ന് ഭൂസംരക്ഷണസമിതി
Saturday, December 14, 2024 1:18 AM IST
മുനന്പം: വഖഫ് അവകാശവാദം ഉയർന്ന മുനന്പത്തെ ഭൂമി വഖഫല്ലെന്നു തെളിയിക്കുന്ന രേഖകൾ, സർക്കാർ നിയമിച്ച ജുഡീഷൽ കമ്മീഷനു കൈമാറിയെന്ന് ഭൂസംരക്ഷണ സമിതി നേതാക്കൾ അറിയിച്ചു.
മുനമ്പം തീരപ്രദേശത്തെ ജനങ്ങൾ വാങ്ങിയ ഭൂമി മുഹമ്മദ് സിദ്ദിഖ് സേട്ട് ഫറൂഖ് കോളജിന് ഗിഫ്റ്റായി കൊടുത്തതാണെന്നു തെളിയിക്കുന്ന, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ 1975 ലെ വിധിപ്പകർപ്പ് ഉൾപ്പെടെയുള്ള രേഖകളാണു കൈമാറിയത്.
ഹൈക്കോടതി വിധിയിൽ വഖഫ് എന്ന വാക്ക് ഒരിടത്തും പരാമർശിച്ചിട്ടില്ലെന്ന് സമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. ജുഡീഷൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായരുമായി സമിതി നേതാക്കൾ ആശയവിനിമയം നടത്തി.
ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ. ആന്റണി സേവ്യർ തറയിൽ, കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി, എസ്എൻഡിപി മുനമ്പം ശാഖാ പ്രസിഡന്റ് കെ.എൻ. മുരുകൻ, മുനന്പം വിസിറ്റേഷൻ കോൺവന്റ് സുപ്പീരിയർ സിസ്റ്റർ മെറ്റിൽഡ, സെബാസ്റ്റ്യൻ ജോസഫ് തയ്യിൽ, ഫെബി ഔസോ ഒളാട്ടുപുറം എന്നിവർ സംഘത്തിലുണ്ടായിരുന്നു. മുനന്പത്തെ ഭൂമിയുടെ റവന്യു അവകാശങ്ങൾക്കായി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള റിലേ നിരാഹാരസമരം 60 ദിവസം പിന്നിട്ടു.
റിപ്പോർട്ട് സമയബന്ധിതമായി നൽകും: കമ്മീഷൻ
മുനന്പത്തെ വഖഫ് വിഷയം സംബന്ധിച്ചുള്ള ജുഡീഷൽ കമ്മീഷന്റെ അന്വേഷണവും നടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ. മുനമ്പം തീരപ്രദേശം ഉടനടി സന്ദർശിക്കുമെന്നും സ്ഥലവാസികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.