രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരിതെളിഞ്ഞു
Saturday, December 14, 2024 1:18 AM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐഎഫ്എഫ്കെ) തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്തു.
സിനിമാ ആസ്വാദകരുടെയും സിനിമാ രംഗത്തേക്ക് എത്തിപ്പെടാന്‍ ആഗ്രഹിക്കുന്നവരുടെയും സിനിമാ പ്രവര്‍ത്തകരുടെയും സംഗമവേദിയാണ് ചലച്ചിത്ര മേളയെന്നു മുഖ്യമന്ത്രി പറഞ്ഞു. പുതിയ കാലഘട്ടത്തില്‍ സിനിമാ രംഗത്തേക്കു കോര്‍പറേറ്റുകള്‍ കടന്നുവരുന്നുണ്ട്. ഒരു വ്യവസായമെന്ന നിലയില്‍ അതു സ്വാഭാവികമാണ്.
പക്ഷേ, അതിനുമപ്പുറം കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്കനുസൃതമായ പ്ലാറ്റ്ഫോമുകള് സൃഷ്ടിക്കപ്പെടുന്നു. അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ സിനിമകള്‍ സൃഷ്ടിക്കപ്പെടാന്‍ സമ്മര്‍ദമുണ്ടാകുന്നു. ഇക്കാര്യങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹോങ്കോംഗില്‍നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് മുഖ്യമന്ത്രി രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിച്ചു. 10 ലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്.
ശബാന ആസ്മിയെ പൊന്നാട അണിയിച്ചും പ്രശസ്തിപത്രം നല്‍കിയും ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. ബോളിവുഡിന്റെ മുഖ്യധാരയിലും സമാന്തര സിനിമാലോകത്തും നാടകരംഗത്തും ഒരുപോലെ തിളങ്ങി നില്ക്കുന്ന ശബാന ആസ്മി അഭിനയജീവിതത്തില്‍ 50 വര്‍ഷം തികയ്ക്കുന്ന വേളയിലാണ് ഐഎഫ്എഫ്കെയുടെ ആദരം.